പൊലീസ് പട തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെ മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമത്തില്‍ രണ്ടാമത്തെ പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. ഇത്തവണയും പൊലീസിനെതിരെയാണ് വെല്ലുവിളി.  മുട്ടിന് വെടിവച്ചാലും മുട്ടുകുത്തില്ലെന്ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. കള്ളക്കേസെടുത്ത് ജീവിതം താറുമാറാക്കി. തന്നെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും കുറിപ്പില്‍ പറയുന്നു. 

 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

 

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു..! വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!!

കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല.

 

Also Read: കേസിനായി പണം തരണം; ക്യൂ ആര്‍ കോഡ് അടക്കം ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിട്ട് അര്‍ജുന്‍


പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം അയാളെന്തിനങ്ങനെ ചെയ്തു? ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചതിന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ… മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും. പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല

 

നേരത്തെ അര്‍ജുന്‍ ആയങ്കി  ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. കേസിനായി ഫണ്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്. കേസ് നടത്തിപ്പിനായി എല്ലാവരും സംഭാവന ചെയ്യണമെന്നും കോടീശ്വരനെന്ന് ശത്രുക്കള്‍ വെറുതെ പറയുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ക്യൂ ആര്‍ കോഡ് അടക്കം ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്. 

 

ഇതിനിടെ അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന്‍ അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി. ഇയാളെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍  പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ചിത്രം പുറത്തു വന്നു. എന്നാല്‍ ടോള്‍പ്ലാസ കടന്നശേഷം കാര്‍ മാറ്റി. ഇതോടെ തൃശൂരില്‍ നഗരത്തില്‍ പൊലീസ് വ്യാപകപരിശോധന നടത്തി. 

 

അർജുൻ ആയങ്കിയെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന അർജുൻ ആയങ്കിക്ക് കൊച്ചിയിൽ ഒളി താവളമൊരുക്കിയ രണ്ട് സുഹൃത്തുക്കളെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. താമസിക്കാൻ സൗകര്യം ഒരുക്കിയതിന് അപ്പുറം അർജുൻ ആയങ്കി എവിടെ പോയെന്നതിൽ സുഹൃത്തുക്കൾക്ക് വ്യക്തതയില്ല. ഒളിവിൽ ഇരുന്നാണ്  ഭീഷണിയും വെല്ലുവിളികളും തുടരുന്നത്.

 

മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള  പത്തംഗ സംഘത്തെയാണ് അർജുനെ പിടികൂടാൻ  നിയോഗിച്ചത്. ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം. കോതമംഗലം, ഊന്നുകൽ എസ് എച്ച് ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിലാണ് അർജുനെ പൊലീസ് തേടുന്നത്.

ENGLISH SUMMARY:

Arjun Ayanki has made another post on social media challenging the police amidst an intensified search. He stated that he will not be brought to his knees even if shot in the knee and that his life has been ruined by false cases, blaming the system for branding him a terrorist.