പെൺസുഹൃത്തിനെ കൊല്ലാൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘത്തെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, ചോലമറ്റത്തിൽ പ്രസാദ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരാണ് പിടിയിലായത്.
ടെംപിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ നടയിൽ പെൺവേഷത്തിൽ സംശയാസ്പദമായി നിൽക്കുകയായിരുന്ന പ്രസാദിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. കാറിൽ കറങ്ങുകയായിരുന്ന മറ്റ് നാല് പേരെയും പിടികൂടി. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്. തൃശൂരിൽ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ഇവർ തൃശൂരിലെത്തിയ വിവരം അറിഞ്ഞതോടെ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതികളും ഗുരുവായൂരിലെത്തി യുവതിയെ കണ്ടെത്തി ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രസാദിനും ആദർശിനും എതിരെ കൊലപാതകശ്രമം ഉൾപ്പെടെ 20 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സൗഹൃദബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതക പദ്ധതിക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതിയെ പിന്നീട് പൊലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.