ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ മുഖ്യപ്രതികളായ രണ്ട് മലയാളികളെ പിടികൂടിയത് സിനിമ സ്റ്റൈലിൽ. മലപ്പുറം സ്വദേശി ഫിർദോസ്, തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ എന്നിവരെ 40 കിലോമീറ്റർ കാറിൽ പിന്തുടർന്നാണ് പിടിച്ചത്. പ്രതികളെ പിടികൂടുന്നതിന്റെ ചിത്രം മനോരമ ന്യൂസിന് ലഭിച്ചു

ഓപ്പറേഷൻ വജ്ര എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് 30 ടൺ വരുന്ന 12 കോടി ഫൈറ്റർ ഡ്രഗ് എന്നറിയപ്പെടുന്ന ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ഡൽഹിയിലെ ഗോഡൗണിൽ നിന്ന് പിടികൂടിയത്. ഇതറിഞ്ഞതോടെ മരുന്നുകടത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഫിർദോസും ഉമേഷ് കുമാറും ഉടൻ മുങ്ങി. ഇരുവരും കേരളത്തിലെത്തി എന്ന വിവരം ലഭിച്ചതോടെ കസ്റ്റംസ്, ഡി.ആർ.ഐ, സെൻട്രൽ നർക്കോട്ടിക്സ് ബ്യൂറോ എന്നിവർ ശക്തമായ നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ 

ഞായറാഴ്ച പ്രതികൾ തിരുവനന്തപുരത്ത് നിന്നും കൊച്ചി ഭാഗത്തേക്ക് വരുന്നതറിഞ്ഞതോടെ ഉദ്യോഗസ്ഥ സംഘം തയ്യാറായി നിന്നു. വൈക്കത്തിന് തൊട്ടു മുൻപാണ് പ്രതികൾ ഇവരുടെ മുന്നിലെത്തുന്നത്. തുടർന്നങ്ങോട്ട് സിനിമാ സ്റ്റൈൽ ചെയ്സ്. രണ്ടു കാറുകളിലായി പ്രതികളെ അന്വേഷണസംഘം പിന്തുടർന്നു. കൊച്ചി ഇടപ്പള്ളി ജംഗ്ഷനിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകാനായിരുന്നു പ്രതികളുടെ പ്ലാൻ. എന്നാൽ ആ ഭാഗത്ത് വെച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് തന്റെ കാർ കുറുകെയിട്ട് പ്രതികളുടെ വാഹനം തടഞ്ഞു. പ്രതികൾ കാർ നിർത്തിയതോടെ ഓടിയെത്തി താക്കോലെടുത്തു. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥ സംഘം പിടികൂടി. ഇതിന്‍റെ ചിത്രമാണ് മനോരമ ന്യൂസിന് ലഭിച്ചത്.

മറ്റൊരു പ്രതിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു. പിടിച്ചെടുത്ത ട്രാമഡോൾ ഗുളികകൾക്ക് ആയിരം കോടി രൂപ വില വരും. ഗിനിയ-ബിസൗവിലേക്ക് കയറ്റുമതി ചെയ്യുന്നതായാണ് രേഖകളിൽ കാണിച്ചിരുന്നതെങ്കിലും ഗുളികകൾ ലിബിയയിലേക്ക് കടത്താനായിരുന്നു ശ്രമം. എൻ.ഡി.പി.എസ് നിയമപ്രകാരമാണ് പിടിയിലായവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഉയർന്നശേഷിയുള്ള വേദനസംഹാരിയായ ട്രാമഡോൾ, സംഘർഷ മേഖലകളിൽ ലഹരി മരുന്നായി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports on the cinematic arrest of two main accused in a 1000 crore fighter drug smuggling case. The duo, identified as Firdos from Malappuram and Umesh Kumar from Thiruvananthapuram, were apprehended after a 40-kilometer car chase.