ദത്തെടുത്ത 12 വയസുകാരിയെ സ്വന്തം മുറിയിൽ പൂട്ടിയിട്ട് മൂന്ന് വർഷത്തോളം മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ അമേരിക്കയിലെ ഫ്ലോറിഡയില്‍ ദമ്പതികൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ്. കോറൽ സ്പ്രിങ്സ് സ്വദേശികളായ ജെന്നിഫർ കോഹ്നെർട്ടും ജോയൽ കോഹ്നെർട്ടുമാണ് കേസിൽ പ്രതികൾ.
പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ദമ്പതികൾ ഏകദേശം മൂന്ന് വർഷക്കാലം കുട്ടിയെ തുടർച്ചയായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് ആരോപിക്കുന്നത്. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവാദമില്ല
അന്വേഷണ ഉദ്യോഗസ്ഥരോട് കുട്ടി വെളിപ്പെടുത്തിയ വിവരങ്ങൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മുറിയിൽ പൂട്ടിയിട്ടിരിക്കുമ്പോൾ ശുചിമുറി ഉപയോഗിക്കാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്നാണ് കുട്ടി മൊഴി നൽകിയത്. ഇതുമൂലം പലപ്പോഴും വസ്ത്രത്തിൽ തന്നെ മൂത്രമൊഴിക്കാനും മലമൂത്രവിസർജനം നടത്താനും നിർബന്ധിതയായിരുന്നു.
തുടർന്ന്, സ്വന്തം വസ്ത്രങ്ങൾ ഉപയോഗിച്ച് വിനാഗിരിയും ബ്ലീച്ചും ചേർത്ത് മൂത്രവും മലവും വൃത്തിയാക്കാൻ നിർബന്ധിച്ചിരുന്നുവെന്നും, ചെറിയ ബക്കറ്റിൽ ആ വസ്ത്രങ്ങൾ കഴുകി മുറിയിൽ തന്നെ ഉണക്കിയ ശേഷം അതേ വസ്ത്രങ്ങൾ വീണ്ടും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു.
അന്വേഷണത്തിൽ, കുട്ടിയുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടാൻ കഴിയുന്നതായും മുറിയിലെ ജനൽ തുറക്കാനാകാത്ത തരത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മുറിയിൽ നിലത്ത് വിരിച്ച എയർ മെത്ത, മൂന്ന് ജോഡി വസ്ത്രങ്ങൾ, വീട്ടിലെ മറ്റുള്ളവരുടെ ശബ്ദം കേൾക്കാതിരിക്കാൻ വലിയൊരു സൗണ്ട് മെഷീൻ എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, ദമ്പതികളുടെ ആറ് മക്കളെ ഇതില്‍ നിന്ന് വ്യത്യസ്തമായി സ്നേഹത്തോടെയാണ് വളര്‍ത്തിയരുന്നതെന്നും ഇവരാരെയും മുറിയിൽ പൂട്ടിയിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. പീഡനത്തിനിരയായ കുട്ടിയുടെ മുറിയിൽ മൂത്രത്തിന്‍റെ ദുർഗന്ധം ഉണ്ടായിരുന്നതായും കുട്ടിയുടെ വസ്ത്രങ്ങളിൽ മലിനതയുടെ പാടുകൾ കണ്ടെത്തിയതായും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുറിയിൽ നിന്ന് പുറത്തുവിടുമ്പോൾ പലപ്പോഴും വീട്ടുമുറ്റത്ത് കുളിക്കാൻ നിർബന്ധിച്ചിരുന്നതായും പ്രതികൂല കാലാവസ്ഥയിലുപോലും ഇതിൽ മാറ്റമുണ്ടായിരുന്നില്ലെന്നും കുട്ടി മൊഴി നൽകി.
രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ദമ്പതികൾ കുട്ടിയെ ദത്തെടുത്തത്. ബൈബിൾ വാക്യങ്ങൾ ആവർത്തിച്ച് എഴുതിപ്പിക്കുകയും ഒരിക്കൽ 45 മിനിറ്റ് വെള്ളത്തിൽ കാലുറപ്പിച്ച് നിൽക്കാൻ നിർബന്ധിക്കുകയും ചെയ്തതായി കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ജെന്നിഫർ മുടി വലിച്ചിഴക്കുകയും മുഖത്തടിക്കുകയും ചെയ്തതിനെ തുടർന്ന് ചുണ്ട് പൊട്ടി രക്തം വാർന്നതായും കുട്ടി പറയുന്നു. കൂടാതെ, കുട്ടിയെ അധിക്ഷേപിക്കുന്ന പേരുകളും വിളിച്ചിരുന്നു. "നിന്‍റെ സ്വന്തം മാതാവിനെപ്പോലെ നിനക്കും ബൈപോളർ രോഗമുണ്ട്" എന്ന് പറഞ്ഞിരുന്നതായും, അമ്മയുടെ ലഹരിവസ്തു ഉപയോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും കുട്ടിയോട് പറഞ്ഞിരുന്നുവെന്നും അന്വേഷണ രേഖകളിലുണ്ട്.
പീഡനത്തിനിരയായ കുട്ടിയുടെ മൊഴിക്ക് പിന്നാലെ ദമ്പതികളുടെ മറ്റ് ആറ് മക്കളെയും പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് ജെന്നിഫറെയും ജോയലിനെയും ചോദ്യം ചെയ്തപ്പോഴും കുട്ടിയുടെ ആരോപണങ്ങൾ നിഷേധിച്ചില്ലെന്നും, അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ കുട്ടിയുടെ മൊഴിയെ ശരിവയ്ക്കുന്നതായിരുന്നുവെന്നും പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു.
ദമ്പതികൾ അറസ്റ്റിലായതിനെ തുടർന്ന് ദത്തെടുത്ത പെൺകുട്ടിയെയും പ്രായപൂർത്തിയാകാത്ത നാല് മക്കളെയും അധികൃതർ വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കുട്ടിയെ അവഗണിക്കാൻ കാരണമായ നാല് കുറ്റങ്ങളും കുട്ടിയെ അവഗണിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കുറ്റവും ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ജെന്നിഫറിനും ജോയലിനുമെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ തങ്ങൾക്കെതിരായ എല്ലാ ആരോപണങ്ങളും ചാര്‍ത്തപ്പെട്ടതാണെന്നും വസ്തുതാപരമല്ലെന്നുമാണ് ദമ്പതികള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.