ഛത്തീസ് ഗഡിലെ ഖാർവേ ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. തങ്ങളോടൊപ്പം ഉണ്ടായിരുന്നത് കൊടും ക്രിമിനലാണെന്ന വിവരം അറിഞ്ഞ മരവിപ്പിലാണ് ഗ്രാമവാസികള്‍. നിസ്സാര പ്രശ്നങ്ങളുടെ പേരിലുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ നാല് മാസത്തിനിടെ എട്ടുപേരെ വിഷം നൽകി കൊലപ്പെടുത്തിയ പരമ്പരക്കൊലയാളിയാണ് പോലീസിന്റെ പിടിയിലായത്. ബലോഡബസാർ ജില്ലയിലെ ഖാർവേ ഗ്രാമത്തിൽ പലചരക്ക് കട നടത്തുന്ന 46 വയസുകാരന്‍ രാം സഹായ് ജയ്സ്വാൾ ആണ് അറസ്റ്റിലായത്.
ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇയാൾ കൊലപ്പെടുത്തിയത് സ്വന്തം ഗ്രാമവാസികളായ എട്ടുപേരെ. ഒമ്പതാമതായി ഇയാൾ വിഷം നൽകിയ കാർത്തിക് കുമാർ എന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. കാർത്തിക് കുമാര്‍ പോലീസിനെ സമീപിച്ച് ക്രൂരത വിവരിക്കുകയായിരുന്നു
കൊലപാതക രീതി?
പ്രദേശത്ത് ലഭിക്കുന്ന വിഷം തന്നെയായിരുന്നു രാം സഹായ് ജയ്സ്വാളിന്റെ ആയുധം. 'സുഹാഗ' എന്നറിയപ്പെടുന്ന ബോറാക്സ് പൗഡർ മദ്യത്തിൽ കലർത്തി നൽകിയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയിരുന്നത് എന്ന് പൊലീസ് കണ്ടെത്തി. സാധാരണയായി എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഈ രാസവസ്തു ഗ്രാമവാസിയായ ഒരാളില്‍ നിന്നാണ് രാം സഹായ് ജയ്സ്വാൾ വാങ്ങിയത്. ആദ്യം ഇത് നായയില്‍ പരീക്ഷിച്ചിരുന്നു. നായ ചത്തതോടെയാണ് ആളുകൾക്ക് നൽകാൻ തീരുമാനിച്ചത്. വൈരാഗ്യമുള്ളവരെ വൈകുന്നേരം മദ്യപിക്കാനായി വീട്ടിലേക്ക് ഒറ്റയ്ക്ക് ക്ഷണിക്കും. തുടർന്ന് തയ്യാറാക്കി വച്ച വിഷം കലര്‍ത്തിയ മദ്യം നല്‍കും.
സാവധാനത്തില്‍ മരണത്തിലേക്ക് നയിക്കുന്ന വിഷമായതിനാല്‍ കഴിച്ചവർ ഒന്നോ രണ്ടോ ദിവസത്തിനകം മരിക്കും. മരണശയ്യയിലാകുന്നവര്‍ക്കൊപ്പം സര്‍വസഹായവുമായി രാം സഹായ് ജയ്സ്വാള്‍ ഉണ്ടാകും. ആശുപത്രിയിലെത്തിക്കാനും സംസ്കാര ചടങ്ങിലും എല്ലാം സജീവം. അതിനാൽ മരണത്തിലോ രാം സഹായിയുടെ പെരുമാറ്റത്തിലോ ആര്‍ക്കും സംശമുണ്ടായില്ല
കൊലപാതക കാരണങ്ങൾ?
ദുർമന്ത്രവാദം ചെയ്യുന്നുവെന്ന സംശയമായിരുന്നു പ്രധാന കാരണം. ഭാര്യയെ ശല്യം ചെയ്തുവെന്ന സംശയം, ചെറിയ തർക്കങ്ങൾ, പണം കടം വാങ്ങിയത് തിരികെ നൽകാതിരിക്കാൻ, ജാതീയമായ അധിക്ഷേപം ഇങ്ങനെ പോകുന്നു വൈരാഗ്യത്തിന്റെയും കൊലപാതകത്തിന്റെയും കാരണങ്ങള്‍.
നിസ്സാര കാരണങ്ങൾക്കാണ് എട്ടുപേരെയും കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ രാം സഹായ് ജയ്സ്വാള്‍ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഫെബ്രുവരി 6-ന് ബദ്രി പട്ടേൽ എന്നയാളെയാണ് ആദ്യമായി കൊലപ്പെടുത്തിയത്. തുടർന്ന് ഫെബ്രുവരി 20-ന് ബുതാലു സാഹു, മാർച്ച് 12-ന് ഛത്തു റാം, മാർച്ച് 20-ന് ബുധ്റാം ജയ്സ്വാൾ തുടങ്ങി മെയ് 14 വരെ എട്ടുപേരെ ഇല്ലാതാക്കി.
കുടുങ്ങിയത് എങ്ങനെ?
രാം സഹായ് ജയ്സ്വാള്‍ ഒമ്പതാമത് കൊല്ലാന്‍ പദ്ധതിയിട്ടയാളാണ് കാർത്തിക് കുമാർ .
ഏപ്രിൽ 14-ന് കാർത്തിക് കുമാറിനെ മദ്യപിക്കാന്‍ ക്ഷണിച്ചു. ഒന്നുമറിയാതെ കാര്‍ത്തിക് മദ്യപിച്ചു. മദ്യം കഴിച്ചതിന് പിന്നാലെ അവശനായി. ഉടന്‍ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാം സഹായി ജയ്സ്വാളിലേക്ക് സംശയം എത്തിയതും വീട്ടുകാരെ അറിയിച്ചു. സമാനമായ രീതിയിലാണ് ഗ്രാമത്തിൽ സമീപകാലത്ത് പലരും മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ഗ്രാമവാസികൾ ജൂൺ ആദ്യവാരം പോലീസിൽ പരാതി നൽകുകയായിരുന്നു
പോലീസ് അന്വേഷണം?
ഗ്രാമീണരുടെ പരാതിയില്‍ റായ്പൂർ റേഞ്ച് ഐ.ജി അമ്രേഷ് മിശ്ര, ബലോഡബസാർ എസ്.പി ഒ.പി ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് ഏഴ് മൃതദേഹങ്ങൾ പോലീസ് പുറത്തെടുത്ത് റായ്പൂരിലെ ഡോ. ഭീംറാവു അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ബുധ്റാമിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഡി.എൻ.എ സാമ്പിളുകളും ഫോറൻസിക് തെളിവുകളും ശാസ്ത്രീയ പരിശോധനകൾക്കായി ശേഖരിച്ചിട്ടുണ്ട്.
അന്വേഷണം തുടരുകയാണ്.