ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെയുണ്ടായ തർക്കം കലാശിച്ചത് ആക്രമണത്തിൽ. വർക്കലയിലാണ് സംഭവം. ശിവഗിരി സ്വദേശി സന്തോഷിന് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പുന്നമൂട് സ്വദേശികളായ വിനീഷ് (37), രാജേഷ് (45), അർഷാദ് (52) ശ്യാംജിത്ത് (33) എന്നിവരെ വർക്കല പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ പുന്നമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിലായിരുന്നു സംഭവം.

കടയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന അർഷാദ്, രാജേഷ് എന്നിവരോട് മാറി നിൽക്കാമോയെന്ന് സന്തോഷ് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തുടർന്ന് പ്രതികൾ നാലുപേരും കൂടി സന്തോഷിനെ മർദ്ദിച്ചു. ഒന്നാംപ്രതി വിനീഷ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ചതായും നാലുപേരും ചേർന്ന് നിലത്തിട്ട് മർദിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.

പരിക്കേറ്റ സന്തോഷിനെ വർക്കല താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇയാളുടെ തലയിൽ 10 സ്റ്റിച്ചുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. 

ENGLISH SUMMARY:

A fight broke out at a tea shop in Varkala over taking snacks, escalating into an attack that left one person injured. The Varkala police have arrested four individuals in connection with the incident.