Image: X, @Crime_Selvaraj

Image: X, @Crime_Selvaraj

TOPICS COVERED

ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തലയും കൈകാലുകളുമില്ലാതെ മൃതദേഹം കണ്ടെത്തിയ കേസില്‍ വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ നല്‍കിയ തെളിവ്. പോസ്റ്റുമോര്‍ട്ടത്തിനിടെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ട അടിവസ്ത്രത്തിലെ ബാര്‍കോഡ് ആണ് യുവാവിന്റെ കൊലയ്ക്കു പിന്നിലെ ചുരുളഴിച്ചത്.അസം സ്വദേശിയായ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെരമ്പൂര്‍ സ്റ്റേഷനിലെ നാലാംപ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള നീല പെട്ടി കണ്ടെത്തിയത്. റെയില്‍വേ പൊലീസ് പരിശോധിച്ചപ്പോഴാണ് തലയും കൈകാലുകളുമില്ലാത്ത രീതിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 

പൊലീസ് സര്‍ജന്‍ നല്‍കിയ തെളിവായ അടിവസ്ത്രത്തിലെ ബാര്‍കോഡ് അന്വേഷിച്ചു നോക്കിയപ്പോള്‍ പൊലീസ് പെരമ്പൂരിലെ വസ്ത്രവില്‍പന ശാലയിലെത്തി. തുടര്‍ന്നാണ് അമീറലി എന്ന യുവാവാണ് ഈ അടിവസ്ത്രം വാങ്ങിയതെന്ന് തിരിച്ചറിഞ്ഞത്. ഷോപ്പില്‍ നല്‍കിയ ഫോണ്‍നമ്പര്‍ പിന്‍തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. ഭാര്യ 31കാരിയായ അസം സ്വദേശി രോഹിമയാണെന്നും പൊലീസ് കണ്ടെത്തി. 

ഇതിനു പിന്നാലെയാണ് രോഹിമയും അമീറലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയത്. ആദ്യം വിവാഹിതരായ ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷം തേനാംപേട്ടിലായിരുന്നു ദമ്പതികളുടെ താമസം. പിന്നീട് ഇവിടെവച്ചാണ് പച്ചക്കറി വ്യാപാരം നടത്തുന്ന അഷ്റഫിനെ രോഹിമ പരിചയപ്പെടുന്നത്. പരിചയം പിന്നാലെ പ്രണയമായി. ഇതേച്ചൊല്ലി അമീറലിയുമായി രോഹിമ നിരന്തരം തര്‍ക്കത്തിലേര്‍പ്പെട്ടതായും സൂചനയുണ്ട്. 

തര്‍ക്കം മൂര്‍ഛിച്ചതോടെയാണ് അമീറലിയെ ഇല്ലാതാക്കാന്‍ രോഹിമയും അഷ്റഫും തീരുമാനിച്ചത്. ബുധനാഴ്ച രാത്രി രോഹിമ അമീറലിക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിനല്‍കി. അതുകഴിച്ച് ഉറങ്ങിയ അമീറലിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിക്കഷ്ണങ്ങളാക്കി. ഇവ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. കുറ്റം സമ്മതിച്ച ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.  

Chennai Railway Station Murder: Underwear Barcode Unlocks Crime:

Chennai railway station murder case took a turn with crucial evidence from the police surgeon's postmortem report. The barcode on the victim's underwear helped police identify him and unravel the murder plot involving his wife and a friend.