​​​നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതക കേസില്‍ ക്രൂരതകളെല്ലാം വിവരിച്ച് പ്രതികളായ രണ്ടാനച്ഛനും അമ്മയും. കുട്ടി നടക്കാതിരിക്കാനായി കാലിന്‍റെ അടിയില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. മര്‍ദനമേറ്റ് അവശ നിലയിലായ കുട്ടിയുമായി മധുരക്ക് പോയതോടെയാണ്  രോഗം മൂര്‍ച്ഛിച്ച് കുഴഞ്ഞ് വീണതെന്നും കുറ്റസമ്മതം. ജീവിതത്തിന് കുട്ടി തടസമാകുമെന്നതിനിലാണ് ഉപദ്രവമെന്നാണ് അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്കറും ന്യായീകരിക്കുന്നത്. 

​ഒന്നര വയസുകാരനെ മാസങ്ങളോളം ഇഞ്ചിഞ്ചായി ഉപദ്രവിച്ച് കൊല്ലാക്കൊല ചെയ്തെന്ന മനസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളാണ് ഒന്നാം പ്രതിയായ രണ്ടാനച്ഛന്‍ അഷ്കറിന്‍റെ മൊഴിയിലുള്ളത്. ആ ക്രൂരതയ്ക്കെല്ലാം തന്‍റെ അറിവും മൗനസമ്മതവുമുണ്ടായിരുന്നൂവെന്ന് അമ്മ അഖിലയും സമ്മതിക്കുന്നു.

കുഞ്ഞ് ഹൈപ്പര്‍ ആക്ടീവാണത്രേ. അതുകൊണ്ട് ഓടി നടക്കുന്നത് ശല്യമാണ്. അതൊഴിവാക്കാനായി കണ്ടെത്തിയ വഴിയാണ് ലൈറ്ററും സിഗരറ്റും ഉപയോഗിച്ച് കാല്‍പാദം ഇടക്കിടെ പൊള്ളിക്കുക. കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുന്‍പാണ് കുഞ്ഞിന്‍റെ രണ്ട് കയ്യും ഒടിയുന്നത്. സൈക്കിളില്‍ നിന്ന് വീണാണ് അപകടമെന്നാണ് ഇരുവരുടെയും മൊഴി. അത് പൂര്‍ണമായും പൊലീസ് വിശ്വസിക്കുന്നില്ലങ്കിലും രണ്ടും കയ്യും ഒടിഞ്ഞ് വേദനകൊണ്ട് പുളഞ്ഞ കുരുന്നിനോട് കാട്ടിയ ക്രൂരത പൊലീസുകാരെ പോലും ഞെട്ടിച്ചു. 12 ദിവസം ആശുപത്രിയിലെത്തിക്കാതെ വീട്ടില്‍ കിടത്തി. ഒടുവില്‍ നീര് വന്ന് ഇരുകൈകളും വീര്‍ത്തതോടെയാണ് ചികിത്സ നല്‍കാന്‍ സ്വന്തം അമ്മപോലും തയാറായത്.

ഇതിന് ശേഷവും പലതരത്തില്‍ അടിയും മര്‍ദനവും തുടര്‍ന്നു. ഒടുവില്‍ അണുബാധമൂലം അവശനായ കുഞ്ഞിന് മരുന്നുപോലും നല്‍കാതെ മധുരക്ക് കൊണ്ടുപോയി. അതും നെടുമങ്ങാട് മുതല്‍ തിരുവനന്തപുരം വരെ ബൈക്കിലിരുത്തിയും പിന്നീട് ബസിലും. തിരിച്ചും ഇത്തരത്തില്‍ യാത്ര ചെയ്തതോടെ കുഞ്ഞിന് കടുത്ത പനിയായി. വീട്ടിലുണ്ടായിരുന്ന മരുന്ന് മാത്രം നല്‍കി. അതിനിടയിലാണ് ഭക്ഷണം കഴി‍ച്ച കുഞ്ഞ് കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും. ഉപദ്രവിച്ചതെല്ലാം അഷ്കറായിരുന്നെങ്കില്‍ ഒരിക്കല്‍ പോലും തടയാന്‍ അമ്മ അഖില നോക്കിയിട്ടില്ല. അവരുടെ ഇഷ്ടം അനുസരിച്ചുള്ള ജീവിതത്തിന് ഈ കുഞ്ഞ് തടസമെന്ന ചിന്തയാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചു. 

ENGLISH SUMMARY:

Nedumangad child murder details reveal horrific torture inflicted on a 1.5-year-old by his stepfather and mother. The accused confessed to burning the child's feet with a lighter to prevent him from walking and to beating him severely, leading to his death after a journey to Madurai.