മര്‍ദന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ അടിച്ചവശനാക്കി അതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിനെ (43) എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം എറണാകുളം എംജി റോഡിലുള്ള ടീ ഷോപ്പിൽ വെച്ചാണ് അട്ടാണി അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഒരു യുവാവിനെ മർദ്ദിച്ചത്.
ഇയാളെ തൃശ്ശൂരിലുളള ഒളി സങ്കേതത്തിൽ നിന്നും വളരെ സാഹസികമായി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നതാണ്. എന്നാൽ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയി മർദ്ദിക്കുകയും അത് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് സെൻട്രൽ പൊലീസ് സ്വമേധയാ ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തവേ, ഒളിവിൽ പോയ പ്രതി ഇന്ന് മട്ടാഞ്ചേരിയിലുളള വീട്ടിൽ വന്നതായി രഹസ്യവിവരം ലഭിക്കകയും പൊലീസ് വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീമിനെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജിജോ എം ജെ എന്നിവരുടെ നേതൃത്വത്തിളുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.