ബാറിൽ വെച്ച് നടന്ന തർക്കത്തിന് ശേഷം ഒരു കൂട്ടം യുവാക്കൾ കാർ സ്കൂട്ടറിൽ ഇടിപ്പിച്ച് 18കാരിയെ കൊലപ്പെടുത്തി.  

ചെന്നൈയിലെ തിരുമംഗലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ തമിഴ് യുവതിയായ യാൻസിയെയാണ് യുവാക്കൾ കൊല്പപെടുത്തിയത്.  സ്കൂട്ടറിൽ യാൻസിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള സുഹൃത്ത് ഗുരുതരമായി പരുക്കേറ്റ് ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ബാലമുരുകൻ (21), ജോഷ്വാ (19), കിഷോർകുമാർ (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശനിയാഴ്ച രാത്രി 11നാണ് മരിച്ച യാൻസിയും സുഹൃത്തുക്കളായ അഞ്ച് സ്ത്രീകളും മൂന്ന് ഇരുചക്ര വാഹനങ്ങളിലായി  സ്റ്റാർ ഹോട്ടലിലേക്ക് എത്തിയത്. ഇവർ പബ്ബിൽ മദ്യപിക്കുകയും പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെയാണ് ഒരു കാറിലെത്തിയ  യുവാക്കൾ ആഘോഷത്തിൽ പങ്കുചേർന്നത്. പബ്ബിൽ ഡാൻസ് ചെയ്യുന്നതിനിടെ യുവാക്കളും പെൺകുട്ടികളുമായി തർക്കം ഉടലെടുക്കുകയും പിടിവലിയുണ്ടാവുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരു വിഭാഗങ്ങളെയും പബ്ബിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ഹോട്ടലിന് പുറത്ത് വെച്ചും ഇരുവിഭാഗവും തമ്മിൽ വീണ്ടും തർക്കമായി. ശേഷം യാൻസിയും കൂട്ടുകാരും ഇരുചക്രവാഹനങ്ങളിൽ തിരുമംഗലത്തേക്ക് പോകുമ്പോൾ യുവാക്കളുടെ സംഘം കാറിൽ അവരെ പിന്തുടരുകയായിരുന്നു. ഇതുകണ്ട യാൻസി സ്കൂട്ടർ നിർത്തി കാറിന് നേരെ കല്ലെറിഞ്ഞു. കാറിന് കേടുപാടുകൾ സംഭവിച്ച ദേഷ്യത്തിൽ യുവാക്കൾ വേഗത കൂട്ടി യാൻസി സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യാൻസിയും 17 വയസ്സുള്ള പെൺകുട്ടിയും വാഹനത്തിൽ നിന്ന് തെറിച്ചുവീണു. തലയ്ക്ക് പരിക്കേറ്റ യാൻസി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഓടി രക്ഷപ്പെട്ട പ്രതികളെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും വാഹന രജിസ്ട്രേഷൻ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. 

വില്ലുപുരത്തെ അരിയൻകുപ്പത്തുള്ള ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പിലെ താമസക്കാരിയാണ് യാൻസി. കഴിഞ്ഞ വർഷമാണ് യാൻസി പന്ത്രണ്ടാം ക്ലാസ് പാസായത്. ഓൺലൈനിൽ പരിചയപ്പെട്ട 17 വയസ്സുള്ള തന്റെ സുഹൃത്തിനെ കാണാനാണ് അടുത്തിടെ യാൻസി ചെന്നൈയിൽ എത്തിയത്.

ENGLISH SUMMARY:

An 18-year-old girl was tragically killed in Chennai after a group of youths rammed their car into her scooter following an altercation at a bar. The incident occurred in Thirmangalam on Saturday night, leaving her 17-year-old friend critically injured.