ആംബുലന്‍സിനുള്ളില്‍ അടിയന്തര സര്‍വീസെന്ന വ്യാജേനെ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത് കയ്യോടെ പൊക്കി പൊലീസ്. തൃശൂര്‍–പാലക്കാട് ജില്ലാ അതിര്‍ത്തിയായ വാണിയംപാറയില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. സിറ്റി പൊലീസ് കമ്മിഷണര്‍ നകുൽ രാജേന്ദ്ര ദേശ്മുഖിന് വന്ന ഫോണ്‍ കോളിലാണ് ആംബുലന്‍സില്‍ എംഡിഎംഎ കടത്തുന്നതായി സുപ്രധാന വിവരം ലഭിച്ചത്. ഇതോടെ അതിര്‍ത്തിയില്‍ എസ്.ഐ ബിപിന്‍ നായരുടെ നേതൃത്വത്തില്‍ പരിശോധനയും ആരംഭിച്ചു.
ശാരോണ്‍ എന്ന് പേരുള്ള ആംബുലന്‍സാണ് ബീക്കണ്‍ ലൈറ്റിട്ട് ചീറിപ്പാഞ്ഞെത്തിയത്. ആംബുലന്‍സില്‍ രോഗിയുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണമെന്ന് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ പൊലീസ് വണ്ടി തടഞ്ഞു. ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ രോഗിയില്ല. പിന്നെ എന്തിനാണ് ബീക്കണ്‍ ലൈറ്റെന്ന് ചോദിച്ചതോടെ ഉത്തരമില്ല. മൃതദേഹവുമായി ബെംഗളൂരുവിലേക്ക് പോയതാണെന്നായിരുന്നു മറുപടി. മരിച്ചയാളുടെ പേരെന്താണെന്നും ആശുപത്രിയേതെന്നും സെക്കന്‍റുകള്‍ വ്യത്യാസമില്ലാതെ എസ്.ഐ.ബിപിന്‍നായര്‍ ചോദ്യം തൊടുത്തു. പതറിയ മുഖം കണ്ടപ്പോള്‍ പൊലീസ് കുടഞ്ഞു.
ലഹരിയൊളിപ്പിച്ചത് റെക്സിനുള്ളില്‍
മണ്ണുത്തി വെട്ടിക്കല്‍ സ്വദേശി ഫെയ്ത്തായിരുന്നു ആംബുലന്‍സ് ഉടമ. അഞ്ചേരി സ്വദേശി സന്ദീപാണ് സഹായിയായിട്ട് ഉണ്ടായിരുന്നത്. എംഡിഎംഎ എവിടെ ഒളിപ്പിച്ചുവെന്ന ചോദ്യത്തിന് മിണ്ടാട്ടമില്ല. കീശയില്‍ നിന്ന് കുറച്ച് പാക്കറ്റുകള്‍ കിട്ടി. വന്‍തോതില്‍ രാസലഹരിയുണ്ടെന്ന് വിവരം ലഭിച്ചതിനാല്‍ ബാക്കി എവിടെ എന്ന് ചോദ്യമുയര്‍ന്നു. ഇരുവരും ഉത്തരം നല്‍കിയില്ല. ഒടുവില്‍ ഡ്രൈവര്‍ കാബിന്‍റെ മുകളിലെ മാറ്റ് കീറിയതോടെയാണ് എംഡിഎംഎ പാക്കറ്റുകള്‍ കണ്ടെത്തിയത്.
തൂഫാന്‍റെ ഉദ്ഘാടനം കസറി: ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റ ശേഷം ലഹരി വേട്ടയ്ക്ക് അദ്ദേഹമിട്ട പേരാണ് ഓപ്പറേഷൻ തൂഫാൻ. ഇതറിഞ്ഞാണ് ആംബുലൻസിൽ വരെ ലഹരി വരുന്നുവെന്ന രഹസ്യ വിവരം പൊലീസിനും കിട്ടിയത്. പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ 280 ഗ്രാം എംഡിഎംഎ യുവതീ, യുവാക്കളുടെ പക്കൽ എത്തുമായിരുന്നു. സമയോചിത ഇടപെടലിലൂടെ ലഹരി പിടികൂടിയ എസ്.ഐമാരായ ബിപിൻ നായർ , രാഗേഷ് പി. , സ്ക്വാഡ് അംഗങ്ങളായ എസ് . ശരത് , കെ.ആഷിഷ് , ഷിഹാബുദീൻ , റെജിൻ ദാസ് , നിബു നെപ്പോളിയൻ എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പ്രത്യേകം അഭിനന്ദിച്ചു.