മൂന്ന് കൂട്ടുകാർ ചേർന്ന് 11കാരിയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ പ്രതികൾക്ക് കഠിന് തടവും പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. ഒന്നാം പ്രതി 53കാരനായ നെയ്യാറ്റിൻകര സ്വദേശി അബ്ദുൽ ഗഫൂറിന് 25 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇയാളുടെ സുഹൃത്തുക്കളായ രണ്ടാം പ്രതി മരുത്തൂർ സ്വദേശി ഭുവനചന്ദ്രൻ (71), മൂന്നാം പ്രതി കടവട്ടാരം സ്വദേശി ഷാജി (57) എന്നിവരെ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജ് കെ.എം. സുജ വിധിച്ചു.
കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത് 2011ലാണ്. ട്യൂഷന് പോയപ്പോൾ അവിടെവെച്ച് 71കാരനായ രണ്ടാംപ്രതി ഭുവനചന്ദ്രൻ പീഡിപ്പിച്ചെന്നും, മൂന്നാം പ്രതി ഷാജിയുടെ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ ഫാൻസി സ്റ്റോറിൽ വള വാങ്ങാൻ എത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നും കുട്ടി മൊഴി നൽകിയിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി സ്കൂളിൽ കൗൺസലിംഗ് സമയത്താണ് പീഡന വിവരം അധ്യാപകരോട് പറഞ്ഞത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി.ആർ. മായാദേവി എന്നിവർ ഹാജരായി. നെയ്യാറ്റിൻകര എസ്.എച്ച്.ഒ ആയിരുന്ന ബി.എസ്. സജിമോൻ, എം.അനിൽകുമാർ എന്നിവരാണ് കേസന്വേഷണം നടത്തിയത്.