വടക്കന്‍ കേരളത്തിലെ പള്ളിക്കമ്മിറ്റികള്‍ ഒന്ന് ശ്രദ്ധിക്കുക. പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്താനായി പ്രത്യേക സംഘം തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന രഹസ്യവിവരം. കഴിഞ്ഞ കുറച്ചുനാളുകളായി കോഴിക്കോടിന്‍റെ മലയോര മേഖലയില്‍ പള്ളികളിലെ മോഷണങ്ങള്‍ തുടര്‍കഥയാവുകയാണ്.
എന്നാലിത് തികച്ചും യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തല്‍. പള്ളികളിലെ ഉപകരണങ്ങള്‍ അപഹരിക്കുന്നതിനൊപ്പം മേശയും അലമാരയും കുത്തിതുറന്ന് പണം കവരുന്നതും തുടരുകയാണ്. ഇന്‍വെര്‍ട്ടര്‍, ബാറ്ററി, ഉച്ചഭാഷണിയോട് അനുബന്ധിച്ചുള്ള ആംപ്ലിഫയര്‍ എന്നിവയും മോഷണം പോയതില്‍ ഉള്‍പ്പെടുന്നു. മുക്കം നോർത്ത് കാരശേരിയിലെ ജുമാ മസ്ജിദില്‍ രണ്ടാഴ്ച മുമ്പും ബാറ്ററി മോഷണം പോയിരുന്നു.
ലക്ഷ്യം നിര്‍മാണം നടക്കുന്ന പള്ളികള്‍
പ്രാര്‍ഥനാ സമയം കഴിഞ്ഞ് ആളുകള്‍ ഒഴിയുന്ന നേരത്താണ് മോഷ്ടാക്കള്‍ എത്തുക. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന പള്ളികള്‍ രാവിലെ കണ്ടുവയ്ക്കും. ഉച്ചയ്ക്ക് ശേഷവും രാത്രിയും മോഷണത്തിനിറങ്ങും. ഇതാണ് മോഷ്ടാക്കളുടെ രീതി.
മിക്ക പള്ളികളിലും ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ മിക്ക സമയത്തും കാണും എന്നുള്ളതും മോഷ്ടാക്കള്‍ക്ക് സൗകര്യമാണ്. കാരണം പരിചയമില്ലാത്ത ആളുകളെ പള്ളിയിലുള്ളവര്‍ കണ്ടാലും ആരും സംശയിക്കില്ല. ജോലിക്കെത്തിയ അതിഥി തൊളിലാളികള്‍ ആണെന്നേ കരൂതൂ. കാരാളിപ്പറമ്പ് റഹ്മാനിയ ജുമാ മസ്ജിദില്‍ മോഷ്ടാവ് മേശ തകര്‍ത്ത് പണം കൈക്കലാക്കിയത് പട്ടാപകല്‍ ആണ്. സിസിടിവി ഇല്ലാത്ത പള്ളികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നവയില്‍ ഭൂരിഭാഗവും.
മോഷണം വ്യത്യസ്തം, സംഘം ഒന്ന്
മോഷണം പലയിടത്തായി നടക്കുന്നെങ്കിലും മിക്കതിന്‍റെയും കവര്‍ച്ചാരീതി സമാനമാണ്. നേര്‍ച്ചപ്പെട്ടികള്‍ പൊളിച്ചത് പോലും പലയിടത്തും ഒരേ രീതിയിലാണെന്നതാണ് എല്ലാത്തിനും പിന്നില്‍ ഒരു സംഘമാണെന്ന നിഗമനത്തിലേയ്ക്ക് എത്താന്‍ പൊലിസിനെ പ്രേരിപ്പിക്കുന്നത്. മിക്ക കേസുകളിലും യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് മോഷണങ്ങള്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികള്‍ പിടിയിലാകുന്നത് അപൂര്‍വമാണ്.