33കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച്, ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. യുപി നോയിഡ സ്വദേശി ട്വിഷ ശർമ്മയുടെ (33) മരണം അസ്വാഭാവികമാണെന്നാണ് കാട്ടി പൊലീസിനെ സമീപിച്ചിരിക്കുകയാണ് മാതാപിതാക്കൾ.
ഭോപ്പാലിലെ അഭിഭാഷകനായ സമർത്ഥ് സിംഗുമായി 5 മാസം മുമ്പാണ് ട്വിഷയുടെ വിവാഹം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്ക് ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് ഭർതൃ വീട്ടുകാരുടെ ക്രൂര പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. പെട്ടെന്ന് സമർത്ഥ് സിംഗ് റൂമിലേക്ക് വന്നു, പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ടാക്കുകയായിരുന്നു. അതിന് ശേഷം ട്വിഷയെ വിളിച്ചിട്ട് കിട്ടാതായതോടെ, അമ്മ സമർത്ഥ് സിംഗിനെയും ഭർതൃമാതാവിനെയും വിളിച്ചു.
എന്നാൽ ആരും ഫോൺ എടുത്തില്ലെന്നാണ് ട്വിഷയുടെ കുടുംബം പറയുന്നത്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നതും. 10.20 ഓടെയാണ് ട്വിഷയ്ക്ക് ശ്വാസമില്ലെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ തിരികെ വിളിച്ചതെന്ന് സഹോദരനും സൈനിക ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ്മ പറയുന്നു.
'ഭർതൃവീട്ടിൽ നിന്ന് ആശുപത്രിയിലെത്താൻ 10 മിനിട്ട് മതി. എന്നിട്ടും ഒന്നര മണിക്കൂറോളം വൈകിയാണ് സഹോദരിയെ അവർ ആശുപത്രിയിൽ കൊണ്ടുപോയത്. അവളെ അവർ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ച് വരെ മോശം ആരോപണം ഉന്നയിച്ച് അവളെ തളർത്തി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു. ട്വിഷയുടെ ഗർഭച്ഛിദ്രം നടന്നത് മരിക്കുന്നതിന് ഒരാഴ്ച മാത്രം മുമ്പാണ് നടത്തിയത്.
പിതാവ് നൽകിയ 20 ലക്ഷം രൂപ ഭർത്താവിന്റെ പേരിലേക്ക് മാറ്റാൻ സമ്മർദം ചെലുത്തിയിരുന്നു. ട്വിഷയുടേത് സ്വാഭാവിക മരണമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്. ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ട്. ട്വിഷയുടെ ഭർതൃമാതാവ് വിരമിച്ച ജഡ്ജിയാണ്.
ഉന്നത സ്വാധീനമുണ്ട് അവർക്ക്. അതുവെച്ച് തെളിവ് നശിപ്പിക്കും. അതുകൊണ്ട് ഭർതൃവീട് ഉടൻ സീൽ ചെയ്യണം'. - മേജർ ഹർഷിത് ശർമ്മ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.