റിട്ട. ഡിജിപി. : എന്‍.ശങ്കര്‍റെഡി , ഐ.ജി: അനൂപ് കുരുവിള ജോണ്‍ , എ.പി.ഷൗക്കത്തലി, ക്രൈംബ്രാഞ്ച് എസ്.പി, കെ.വി.സന്തോഷ് കുമാര്‍
‘മറവിയുള്ളവരല്ല ഞങ്ങള്‍, എല്ലാം ഓര്‍ത്തുവയ്ക്കുന്നവരാണ്’. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വാക്കുകള്‍ പ്രാവര്‍ത്തികമായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരാണ്. അവര്‍ നാടുകടത്തപ്പെട്ടിട്ട് പത്തു വര്‍ഷമായി. നല്ലൊരു തസ്തിക പോലും നല്‍കാതെ സി.പി.എം. പക പോക്കി. ആരായിരുന്നു ടി.പി. കേസ് അന്വേഷിച്ച് സി.പി.എമ്മിന്‍റെ ശത്രുതയ്ക്ക് ഇരയായ ഉദ്യോഗസ്ഥര്‍.
ഐ.ജി : അനൂപ് കുരുവിള ജോണ്‍
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ എസ്.പിയായിരുന്നു. സി.പി.എം നേതാക്കളുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരാന്‍ ആത്മാര്‍ഥമായി പ്രയത്നിച്ച ഉദ്യോഗസ്ഥന്‍. യു.ഡി.എഫ് ഭരണം മാറി 2016ല്‍ സി.പി.എം ഭരണത്തില്‍ വന്ന ശേഷം ക്രമസമാധാന ചുമതലയില്‍ നല്ലൊരു തസ്തിക പോലും നല്‍കിയില്ല. പൊലീസ് അക്കാദമിയിലും അപ്രസക്ത തസ്തികയിലും ഒതുക്കി. അവസാനം, കേന്ദ്രത്തില്‍ ഡപ്യൂട്ടേഷനില്‍ പോയി. നിലവില്‍ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉന്നത ഉദ്യോഗസ്ഥനാണ്. സി.പി.എമ്മിന്‍റെ അനിഷ്ടത്തിനു പിന്നാലെ കേരളം വിട്ട അനൂപ് കുരുവിള ജോണ്‍ ഇന്ന് രാജ്യം അറിയുന്ന മികച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ്. റോയില്‍ നിന്ന് അനൂപ് കുരുവിള ജോണ്‍ ഇനി കേരളത്തില്‍ വരാന്‍ സാധ്യത കുറവാണ്.
എ.പി.ഷൗക്കത്തലി, ക്രൈംബ്രാഞ്ച് എസ്.പി
ടി.പി. കേസിന്‍റെ സൂത്രധാരന്‍ സി.പി.എം. നേതാവ് പി.മോഹനനെ നടുറോഡില്‍ കാര്‍ തടഞ്ഞ് നാടകീയമായി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് എ.പി.ഷൗക്കത്തലി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനു സമീപം പി.മോഹനന്‍റെ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതാണ് സി.പി.എമ്മിന്‍റെ പകയ്ക്കു കാരണം. ടി.പി. കേസിലെ പ്രതികയായ ടി.കെ.രജീഷിനെ മുംബൈയിലെ കുഗ്രാമത്തില്‍ നിന്ന് പൊക്കിയ ഉദ്യോഗസ്ഥന്‍. മുടക്കോഴി മലയില്‍ ഒളിഞ്ഞിരുന്ന കൊടി സുനിയേയും സംഘത്തേയും വിറപ്പിച്ച് പിടികൂടിയ ഉദ്യോഗസ്ഥന്‍. ടി.പി. കേസ് അന്വേഷണ കാലത്ത് സി.പി.എമ്മിന്‍റെ നോട്ടപ്പുള്ളി. യു.ഡി.എഫ് ഭരണത്തിന്‍റെ അവസാനകാലത്ത് ഷൗക്കത്തലി ഡപ്യൂട്ടേഷനില്‍ പോയത് എന്‍.ഐ.എയിലേയ്ക്കായിരുന്നു. ദീര്‍ഘകാലം എന്‍.ഐ.എയില്‍ ജോലി ചെയ്തു. ഇതിനിടെ, ഐ.പി.എസും കിട്ടി. ഐ.പി.എസ് മുടക്കാനും പരമാവധി പണിയെടുത്തു. നിലവില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. വീട് കോഴിക്കോടാണ്. ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരള പൊലീസില്‍ മടങ്ങിവന്ന ശേഷം ചാലക്കുടി പുഴ കടത്തിയിട്ടില്ല ഷൗക്കത്തലിയെ.
എസ്.പി.: ജോസി ചെറിയാന്‍
ടി.പി. കേസിന്‍റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തതാണ് സി.പി.എമ്മിന്‍റെ ശത്രുതയ്ക്കു കാരണം. ദേശാഭിമാനി പണ്ട് വാര്‍ത്തയെഴുതി ജോസി ചെറിയാനെതിരെ. ടി.പി. കേസ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ പേരും ഫോണ്‍ നമ്പറും സഹിതം ജോസി ചെറിയാനെ ബന്ധപ്പെടുത്തിയായിരുന്നു ആ വാര്‍ത്ത. യു.ഡി.എഫ് ഭരണം മാറിയ ശേഷം ജോസി ചെറിയാന്‍ തെക്കന്‍ കേരളത്തിലായിരുന്നു. പലതവണ സ്ഥലംമാറ്റി. അവസാനം തൃശൂര് വരെയെത്തി. അപ്പോഴും ഭാരതപ്പുഴ കടന്ന് വടക്കന്‍കേരളത്തില്‍ ജോലി ചെയ്യാന്‍ അനുവദിച്ചില്ല. സ്വന്തംനാട്ടില്‍ പണിയെടുക്കാന്‍ കഴിയാതെ പത്തു വര്‍ഷം ജോസി ചെറിയാനെ സി.പി.എം. നാടുകടത്തി. ഐ.പി.എസ്. ശുപാര്‍ശ ചെയ്യാതിരിക്കാന്‍ ഉടക്കിട്ട് പരമാവധി വൈകിപ്പിച്ചു. അവസാനം , ഐ.പി.എസ് കിട്ടാതെ സര്‍വീസില്‍ നിന്ന് കഴിഞ്ഞയാഴ്ച വിരമിച്ചു. ഇനി സര്‍വീസിലേയ്ക്കു മടങ്ങി വരാന്‍ ഐ.പി.എസ്. ശുപാര്‍ശ ചെയ്യണം. സി.പി.എം. വച്ച ഉടക്കുകള്‍ കോണ്‍ഗ്രസ് നീക്കിയാല്‍ ജോസി ചെറിയാന് ഐ.പി.എസ്. കിട്ടും. ടി.പി. കൊല്ലപ്പെടുമ്പോള്‍ വടകര ഡിവൈ.എസ്.പിയായിരുന്നു ജോസി ചെറിയാന്‍.
എസ്.പി., കെ.വി.സന്തോഷ് കുമാര്‍
ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിന്‍റെ രേഖാമൂലമുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ചില്‍ ഡിവൈ.എസ്.പിയായിരുന്നു ആ കാലത്ത്. കോഴിക്കോട്ടായിരുന്നു സേവനം. വീട് വടകര പുതുപ്പണത്ത്. വടകര റൂറല്‍ എസ്.പി. ഓഫിസിലേയ്ക്ക് അരക്കിലോമീറ്റര്‍ പോലുമില്ല കെ.വി.സന്തോഷിന്. കേരള പൊലീസിലെ മാന്യനായ ഉദ്യോഗസ്ഥന്‍. സൗമ്യനാണ്. നിയമകാര്യങ്ങളില്‍ വിദഗ്ധന്‍. കെ.വി.സന്തോഷ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയാണ് നിലവില്‍. ഐ.പി.എസ്. കിട്ടിയത് ഏറെ കടമ്പകള്‍ പിന്നിട്ട ശേഷം. കോഴിക്കോട് ജില്ലയിലേയ്ക്ക് അടുപ്പിച്ചിട്ടില്ല സി.പി.എം. പൊലീസ് നടപടികളിലെ നിയമകണിശത ഏറ്റവും കൂടുതല്‍ അറിയാവുന്ന ഉദ്യോഗസ്ഥനാണ്. ടി.പി. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനെന്ന ഒറ്റക്കാരണത്താല്‍ കോഴിക്കോട് പണിയെടുത്തിട്ടില്ല കെ.വി.സന്തോഷ് കുമാര്‍.
റിട്ട. ഡി.ജി.പി. : എന്‍.ശങ്കര്‍റെഡി
ടി.പി. കേസിന്‍റെ ഭാഗമായ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്വന്തം നാടിന്‍റെ പടിയ്ക്കു പുറത്താണ്. ടി.പി. കേസിന്‍റെ ഗൂഢാലോചന അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട അന്നത്തെ എ.ഡി.ജി.പി.: എന്‍.ശങ്കര്‍റെഡിയും പകപോക്കലിനിരയായി. ഉത്തരമേഖല എ.ഡി.ജി.പിയായ ശങ്കര്‍റെഡി പിന്നീട് ഡി.ജി.പി. റാങ്കില്‍ എത്തി. എന്നിട്ടും, നല്ലൊരു തസ്തിക നല്‍കിയില്ല. സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയില്‍ ദീര്‍ഘകാലം ജോലി ചെയ്ത ശേഷം വിരമിച്ചു. ഇപ്പോള്‍ ആന്ധ്രയില്‍ വിശ്രമജീവിതം.
ടി.പി. കേസ് പ്രതികളുടെ പിടിക്കാന്‍ പോയ ക്രൈംസ്ക്വാഡ് അംഗങ്ങള്‍. സൈബര്‍ സെല്ലിലെ വിദഗ്ധനായ ഉദ്യോഗസ്ഥന്‍ മനോജ്. തുടങ്ങി ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്‍റെ കരിമ്പട്ടികയില്‍ പിടഞ്ഞു. ചിലര്‍, സി.പി.എമ്മിനോട് കീഴടങ്ങി. നാടുപിടിക്കാന്‍ കഴിയാതെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. പത്തുവര്‍ഷത്തെ സി.പി.എം. ഭരണത്തിനു ശേഷം കോണ്‍ഗ്രസ് വരുമ്പോള്‍ വി.ഡി.സതീശന്‍ പറഞ്ഞതുപോലെ കണക്ക് തീര്‍ക്കുമോ?. നിയമപരമായി പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ട ആ ഉദ്യോഗസ്ഥരോട് പുതിയ സര്‍ക്കാര്‍ നീതി കാണിക്കുമോ?.