നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 33കാരിയായ അൽമയെ ഭർത്താവ് വിഷ്ണു (36) 10 വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്ത ദേഷ്യത്തിൽ കുത്തിക്കൊന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പൊലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗവും കൊലയ്ക്ക് കാരണമായെന്ന് വെളിപ്പെടുത്തലുണ്ടായത്.
സോഷ്യൽ മീഡിയയിൽ 10000 ഫോളോവേഴ്സ് ഉള്ള അൽമ എപ്പോഴും മൊബൈലിലായിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്. പൂച്ച, പട്ടി തുടങ്ങിയ പെറ്റുകളോടൊപ്പമുളള ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നതാണ് അൽമയുടെ ഹോബി. വിവാഹത്തിനുശേഷം അൽമ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
താൻ ട്യൂഷൻ കഴിഞ്ഞ് എത്തുമ്പോൾ ഒന്ന് സംസാരിക്കാൻ പോലും ഭാര്യ സമയം കണ്ടെത്താറില്ലായിരുന്നുവെന്നും വിഷ്ണു പറയുന്നു. ചുറ്റുവട്ടത്തുള്ള ബന്ധുക്കളോട് പോലും അൽമ സംസാരിക്കാറില്ലായിരുന്നുവത്രേ. ഇരുവരും പുറത്തു പോകുന്നതും വളരെ അപൂർവ്വമാണ്. അതിരുവിട്ട ഫോൺ ഉപയോഗത്തെ ശക്തമായി എതിർത്തിരുന്നു വിഷ്ണു.
എന്നാൽ ഈ എതിർപ്പിനെ അൽമ അവഗണിച്ചു. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിഷ്ണുവിന്റെ വാദം. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രതി പറയുന്നു. പി.എസ്.സി കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു. മൊബൈലിൽ നോക്കിയിരുന്ന അൽമയെ പുറകിൽ നിന്നും എത്തിയാണ് വിഷ്ണു കുത്തിപ്പരിക്കേൽപ്പിച്ചത്.