പാശ്ചാത്യ രീതിയിൽ പ്രണയാഭ്യർഥന നടത്താനെന്ന പേരിൽ യുവാവിനെ വീടിനുള്ളിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് ബന്ധുവായ യുവതി. ബെംഗളൂരുവിൽ ചൊവ്വാഴ്ചയാണ് സംഭവം. 27 കാരനായ കിരണാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി പ്രേമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി തയാറാക്കിയ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അഞ്ജന നഗറിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പ്രേമയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് കിരൺ പോവുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, പ്രേമ കിരണിനോട് പാശ്ചാത്യ രീതിയിൽ പ്രണയാഭ്യർഥന നടത്താമെന്ന് പറഞ്ഞു. തുടർന്ന് യുവതി കിരണിന്റെ കൈകാലുകൾ ഒരു കയറുകൊണ്ട് കെട്ടിയിട്ട് കണ്ണുകൾ മൂടി. കിരൺ അത് ചോദ്യം ചെയ്തപ്പോൾ, പാശ്ചാത്യ രീതിയിൽ ഇങ്ങനെയാണ് പ്രണയാഭ്യർഥന നടത്തുന്നതെന്ന് പ്രേമ പറഞ്ഞു.
തുടർന്ന് അവർ കിരണിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രേമ സംഭവം തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ കിരൺ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണ നേരത്തെ തയ്യാറാക്കി വച്ചിരുന്നതിനാൽ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
കിരണും പ്രേമയും ഒരുമിച്ച് ഒരു വിഐ സ്റ്റോറിൽ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് അവർ പ്രേമത്തിലായത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച്, അടുത്തിടെ അവർക്കിടയിൽ അകൽച്ച ഉണ്ടായിരിക്കാം. കിരൺ തന്നെ അവഗണിക്കുന്നതിൽ പ്രേമ അസ്വസ്ഥ ആയിരുന്നുവെന്ന് പറയപ്പെടുന്നു. പ്രേമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.