ആലപ്പുഴ പുലിയൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യേശുദാസൻ്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി വന്നാലേ മരണത്തിൽ വ്യക്തത വരൂ. യേശുദാസിന്റെ സ്വത്തുക്കൾ എഴുതി വാങ്ങിയ സഹോദരൻ ഗബ്രിയേൽ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽക്കാർ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 20ന് മരിച്ച 74 വയസുകാരൻ യേശുദാസിന്റെ മൃതദേഹമാണ് മകൻ്റെ ഭാര്യയുടെ പരാതിയിൽ പുറത്തെടുത്ത് പരിശോധിച്ചത്. യേശുദാസിന്റെ മരണത്തിനു മൂന്നുമാസം മുമ്പ് എല്ലാ സ്വത്തുക്കളും എഴുതി വാങ്ങിയ സഹോദരൻ ഗബ്രിയേൽ അപായപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ സംശയം. പുലിയൂർ സെൻമേരിസ് ഓര്‍ത്തഡോക്സ് പള്ളി സെല്ലാറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. രാസ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ചു. യേശുദാസിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയോ എന്നാണ് സംശയം. ഹോംനഴ്സിനും യേശുദാസന്റെ സഹോദരനും എതിരെയാണ് ആരോപണം. നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരിയായ മരുമകൾ ലീന പറഞ്ഞു
സഹോദരൻ ഗബ്രിയേലിനെ വീട്ടിൽ കയറ്റരുത് എന്ന് യേശുദാസ് പറഞ്ഞിരുന്നതായി അയൽക്കാരി പറഞ്ഞു. സ്വത്തുക്കൾ കൊച്ചുമക്കൾക്കുള്ളതാണെന്നും പറഞ്ഞിരുന്നു. അയൽ വീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ ഭീഷണിപ്പെടുത്തിയതായി തൊട്ടടുത്തുള്ള വീട്ടിലെ തോമസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ രണ്ടു വീടുകളെയും വേർതിരിച്ച് വലിയ ഷീറ്റിന്റെ മതിലും കെട്ടി.
ഒന്നരക്കോടിയിൽ അധികം വിലമതിക്കുന്ന വീടും ബാങ്ക് അക്കൗണ്ടിലെ പണവും അടക്കം ഗബ്രിയേൽ കയ്യടക്കി എന്നാണ് ബന്ധുക്കളുടെ പരാതി. ആദ്യഘട്ടത്തിൽ പൊലീസിനോട് പോലും തട്ടിക്കയറുന്ന നിലപാടായിരുന്നു ഗബ്രിയേലിന്. ആസൂത്രിതമായി തന്നെ യേശുദാസിന്റെ സ്വത്തുക്കൾ ഗബ്രിയേൽ തട്ടിയെടുത്തു എന്നുള്ളതാണ് നിലവിലെ നിഗമനം. മാധ്യമങ്ങൾ ഗബ്രിയേലിന്റെ വീട്ടിലെത്തിയിട്ട് പോലും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.