കസ്റ്റഡി മർദ്ദനത്തിനിരയായി തമിഴ്നാട്ടില്‍ അച്ഛനും മകനും മരിച്ച സംഭവത്തില്‍, കോടതിയില്‍ എല്ലാം സധൈര്യം തുറന്ന് പറഞ്ഞ് ഹെഡ് കോൺസ്റ്റബിൾ രേവതി. സാത്താൻകുളം പോലീസ് സ്റ്റേഷനിലാണ് ക്രൂരമര്‍ദനം അരങ്ങേറിയത്. സംഭവം നടന്ന് 5 വര്‍ഷം കഴിഞ്ഞാണ് കേസിൽ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്ക് കോടതി വധശിക്ഷ വിധിച്ചത്.
സിസിടിവിയില്‍ കാണുന്ന ഇടിയന്‍ പൊലീസ് ഉദ്യോഗസ്ഥരെ കൃത്യതതയോടെ തിരിച്ചറിഞ്ഞ രേവതിയുടെ മൊഴിയാണ് വധശിക്ഷ വിധിക്കുന്നതില്‍ നിര്‍ണായകമായത്. 2020ൽ കൊവിഡ് നിയന്ത്രണം ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നുവെന്ന് പറഞ്ഞാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രാത്രി എട്ടേമുക്കാലോടെ സ്റ്റേഷന്‍ ഡ്യൂട്ടിക്കെത്തിയ താൻ, അച്ഛനും മകനും അടിയേറ്റ് നിലവിളിക്കുന്നത് കേട്ടു എന്ന് അവർ വെളിപ്പെടുത്തി.
അടിയും ചവിട്ടുമെറ്റ് രക്തത്തിൽ കുളിച്ച് കിടന്ന അച്ഛനെയും മകനെയും കൊണ്ട് തറയിലെ രക്തം തുടപ്പിച്ച ഇൻസ്‌പെക്ടറുടെ ക്രൂരതയും രേവതി മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തി. അങ്ങനെയാണ് രേവതി കേസിൽ മാപ്പുസാക്ഷിയായി മാറിയത്. "സത്യം തുറന്ന് പറഞ്ഞാല്‍, എന്‍റെ മക്കളുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയുമോ?" എന്ന് മജിസ്‌ട്രേറ്റിനോട് രേവതി ആശങ്കയോടെ ചോദിച്ചിരുന്നു. ലോക്കപ്പ് മര്‍ദനത്തിന്‍റെ ക്രൂരത രേവതി മജിസ്‌ട്രേറ്റിന് മുന്നിൽ വിവരിച്ചു.
പൊലീസുകാര്‍ മദ്യപിച്ചെത്തി ഇരകളെ മർദിച്ചെന്നും ഗുഹ്യഭാഗങ്ങളിൽ ബൂട്ടിട്ട് ചവിട്ടിയെന്നും രേവതി പറഞ്ഞു. അടിയേറ്റ് കിടന്ന അച്ഛന് കോഫി നൽകാൻ ശ്രമിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥർ അത് അനുവദിച്ചില്ല. ഇരകളെ നഗ്നരാക്കി അടിക്കുന്നത് കണ്ട് ഹൃദയം നുറുങ്ങിപ്പോയെന്നും അപ്പോഴാണ് ഇടി മുറിയിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നതെന്നും രേവതി മൊഴി നല്‍കി. മദ്രാസ് ഹൈക്കോടതി ഇടപെട്ട് രേവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.