വയോധികയായ ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ 10 ലക്ഷം രൂപ ഓട്ടോറിക്ഷക്കാരൻ തട്ടിയെടുത്തെന്ന പരാതി വ്യാജം. തിരുവനന്തപുരം ആര്യനാട് പൊലീസാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 60കാരിയായ ഓമനഅമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ആര്യനാട് വലിയ കലുങ്ക് അഖിൽ ഭവനിൽ ഓമനഅമ്മ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് നിലവിളിച്ച് നാട്ടുകാരെയാകെ കൂട്ടിയത്.
വെള്ളനാട് ട്രഷറിയിലേക്ക് ഓട്ടോറിക്ഷയിൽ പോകവേ സൊസൈറ്റി റോഡിന് സമീപമെത്തിയപ്പോൾ ഓട്ടോ റിക്ഷ നിറുത്തി ഡ്രൈവർ ഓമനഅമ്മയെ തള്ളിയിട്ടശേഷം പണവുമായി കടന്നുകളഞ്ഞുവെന്നായിരുന്നു പരാതി. സംഭവമറിഞ്ഞ് ആര്യനാട് പൊലീസെത്തുമ്പോൾ ഇവർ ശാരീരിക അസ്വസ്തത പ്രകടപ്പിച്ചു.
തുടർന്ന് വെള്ളനാട് ആശുപത്രിയിലേക്കും ഓമനഅമ്മയെ കൊണ്ടുപോയി. ഇവർ പറഞ്ഞ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമണ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ ഇവർ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ മാത്രം ലഭിച്ചു. പൊലീസിന് അപ്പോഴേക്കും എല്ലാം നുണയാണെന്ന് സംശയമുണ്ടായി. ആശുപത്രിയിൽ നിന്ന് ആര്യനാട് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
പറണ്ടോട് സ്വദേശി വസ്തു ഇടപാടുമായി ബന്ധപ്പെട്ട് നൽകിയ 10 ലക്ഷം രൂപയിൽ ഓമനഅമ്മയുടെ അക്കൗണ്ടിൽ 6 ലക്ഷം രൂപയും ഇവരുടെ സ്റ്റാഫിന്റെ അക്കൗണ്ടിൽ 4 ലക്ഷം രൂപയുമാണ് അയച്ചിരുന്നത്. ഇവരുടെ അക്കൗണ്ടിലുള്ള തുക പിൻവലിച്ച് വീട്ടിലും സ്റ്റാഫിന്റെ അക്കൗണ്ടിലുള്ളത് ആധാരമെഴുത്ത് ഓഫീസിലും സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെത്തി.
ബുധനാഴ്ച രാത്രിയോടെ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഓമന അമ്മയ്ക്ക് കടം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പൊലീസിനെ കബളിപ്പിച്ചതിന് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്യനാട് ഇൻസ്പെക്ടർ ദേവരാജൻ പറഞ്ഞു.