മലയാളികളടക്കമുള്ള യുവാക്കളെ മ്യാന്‍മറിലേക്ക് കടത്തി സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ അടിമകളാക്കിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. സുനിൽ നെല്ലത്തു രാമകൃഷ്ണനെയാണ് സിബിഐ അറസ്റ്റുചെയ്തത്. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍നിന്നുള്ള യുവാക്കളെ ഇയാളുടെ സംഘം തട്ടിപ്പ് കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.

തായ്‌ലന്‍ഡില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ‌‍്‍ത് യുവാക്കളെ മ്യാന്‍മറിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ താമസിക്കുന്ന സുനിൽ നെല്ലത്തു രാമകൃഷ്ണനാണ് പിടിയിലായത്. ഡൽഹിയിൽനിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്കാണ് യുവാക്കളെ ആദ്യം കൊണ്ടുപോകുന്നത്. അവിടെനിന്ന് രഹസ്യമായി അതിർത്തി കടത്തി മ്യാൻമറിലെ കേന്ദ്രങ്ങളിലെത്തിക്കും. ഡിജിറ്റൽ അറസ്റ്റ്, പ്രണയ തട്ടിപ്പ്, ക്രിപ്‌റ്റോ കറൻസി നിക്ഷേപ തട്ടിപ്പുകൾ എന്നിവ ചെയ്യാൻ യുവാക്കളെ നിർബന്ധിക്കുന്നതായിരുന്നു രീതി. എതിര്‍ത്താല്‍ ക്രൂരമായ മര്‍ദനം. നിരവധി മലയാളി യുവാക്കളടക്കം ഈ തട്ടിപ്പ് സംഘത്തിന്‍റെ കെണിയില്‍പ്പെട്ടു. 

കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍നിന്നുള്ള യുവാക്കളെ സുനിലിന്‍റെ സംഘം തട്ടിപ്പ് കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. മണികണ്ഠന്‍ എന്ന ഏജന്‍റ് മുഖേന തായ്‌ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് മ്യാന്‍മറിലേക്ക് കടത്തുകയായിരുന്നു. കൃഷ് എന്നുവിളിക്കുന്ന സുനിലിനെ വിദേശത്തുനിന്ന് മുംബൈയില്‍ വന്നിറങ്ങിയ ഉടനെയാണ് അറസ്റ്റ് ചെയ്തുത്. മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകള്‍ സിബിഐ പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിന്‍റെ കെണിയില്‍പ്പെട്ട മലയാളികളടക്കമുള്ള രണ്ട് സംഘങ്ങള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനിലിനെ അറസ്റ്റ് ചെയ്‌തത്. മ്യാൻമറിലെയും കംബോഡിയയിലെയും നിരവധി മനുഷ്യക്കടത്ത് കേസുകളിലെ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍നിന്ന് ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. 

ENGLISH SUMMARY:

Cybercrime kingpin Sunil Nellathu Ramakrishnan has been arrested for trapping Indian youth, including Malayalis, in human trafficking and cyber scam centers in Myanmar. The CBI apprehended Sunil, also known as Krish, in Mumbai after he returned from abroad, based on information from previously rescued victims.