Untitled design - 1

തിരുവനന്തപുരം വെങ്ങാന്നൂരില്‍ ഇല്ലാത്ത മോഷണത്തെക്കുറിച്ച് പരാതി നല്‍കിയ വീട്ടുടമ അറസ്റ്റില്‍. മകളുടെ സ്വര്‍ണം പാദസരം എടുത്ത് വിറ്റത് ഭാര്യ അറിയാതിരിക്കാനാണ് വീട്ടില്‍ കള്ളന്‍ കയറിയെന്ന വ്യാജപരാതി നല്‍കിയത്. പക്ഷെ പൊലീസ് അന്വേഷണത്തിന്‍റെ ആദ്യ ദിവസം തന്നെ പരാതിക്കാരന്‍ പ്രതിയായി മാറി. 

 

ചൊവ്വാഴ്ച രാവിലെ കോവളവും വിഴിഞ്ഞവുമൊക്കെ ഞെട്ടിയ വാര്‍ത്തയായിരുന്നു വെങ്ങാന്നൂരിലെ കവര്‍ച്ച. ഓട്ടോക്കാരന്‍ മനോജിന്‍റെ വീട്ടില്‍ കള്ളന്‍ കയറി ഏഴ് പവന്‍ സ്വര്‍ണവും പതിനയ്യായിരം രൂപയും തട്ടിയെടുത്തു. വീട്ടിലെത്തിയവരോട് മനോജ് തന്നെ മോഷണകാര്യം വിശദീകരിച്ചു. 

 

അന്വേഷണത്തില്‍ കള്ളന്‍ കപ്പല്‍ തന്നെയെന്നു തെളിഞ്ഞു. വീട്ടുടമ മനോജ് തന്നെ. കുറച്ച് ദിവസം മുന്‍പ് മനോജ് മകളുടെ സ്വര്‍ണപാദസരം ആരുമറിയാതെ എടുത്ത് വിറ്റിരുന്നു. ഇക്കാര്യം ഭാര്യയും മക്കളും അറിയാതിരിക്കാന്‍ മെനഞ്ഞ കള്ളക്കഥയാണ് വീട്ടില്‍ കള്ളന്‍ കയറിയെന്നത്. ജനല്‍ കമ്പി അറത്ത് കള്ളന്‍ വീട്ടില്‍ കയറിയെന്നായിരുന്നു പരാതി. പക്ഷെ ജനല്‍‍ കമ്പി അറുത്തിരിക്കുന്നത് വീട്ടിനുള്ളില്‍ നിന്നാണെന്ന് വ്യക്തമായി. പരിസരം നിരീക്ഷിച്ച പൊലീസിന് സംശയം തോന്നിയതോടെ കള്ളക്കഥ പൊളിഞ്ഞു. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചപ്പോള്‍ ജനല്‍ ഭാഗത്ത് നിന്ന് ലഭിച്ചത് മനോജിന്‍റെ മാത്രം വിരലടയാളം. അതോടെ മനോജിനെ പൊക്കി സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതോടെ മോഷണക്കഥ നുണക്കഥയെന്ന് തത്തപറയും പോലെ സമ്മതിച്ചു.

ENGLISH SUMMARY:

Home owner arrested for filing a fake robbery complaint after selling his daughter's gold anklet. The man fabricated the story of a burglary to conceal his actions from his family, but the investigation quickly exposed his deception.