എഐ ചിത്രം

അന്നദാനം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികന്റെ തലയടിച്ചു പൊട്ടിച്ചു. തിരുവനന്തപുരം ​കഴക്കൂട്ടത്താണ് സംഭവം. 

മദ്യപിച്ച് എത്തിയ ആൾ അന്നദാനം വിളമ്പരുതെന്ന് വയോധികൻ പറഞ്ഞതാണ് അടിയുടെ തുടക്കം. ഇരുമ്പുപൈപ്പ് കൊണ്ട് പള്ളിപ്പുറം ശ്രീപാദം കോളനിയിൽ താമസിക്കുന്ന പ്രശാന്തനെ ( 58)  അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. 

സംഭവത്തിൽ അപ്പോളോ കോളനിയിൽ താമസിക്കുന്ന സുനിക്കെതിരെ മംഗലപുരം പൊലീസ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ​കഴിഞ്ഞ ശനിയാഴ്ച രാത്രി അപ്പോളോ കോളനി ഗ്രൗണ്ടിന് അടുത്തായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സുനി അന്നദാനത്തിന് ഭക്ഷണം വിളമ്പുന്നത് കണ്ടതാണ് പ്രശാന്തനെ ചൊടിപ്പിച്ചത്. അന്നദാനം മദ്യപിച്ച് വന്ന് വിളമ്പാനാവില്ലെന്ന് പറഞ്ഞതോടെ തർക്കമായി. ഇതിലുള്ള വൈരാഗ്യം കാരണം സുനി  ഇരുമ്പുപൈപ്പുമായി വന്ന്  പ്രശാന്തനെ തടഞ്ഞുനിറുത്തി തലയ്ക്ക് അടിക്കുകയായിരുന്നു. 

പ്രശാന്തന്റെ  ഇടതുകൈക്കും നെറ്റിയിലും അടിയിൽ പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്തൻ. സംഭവത്തിൽ മംഗലപുരം പൊലീസാണ് അന്വഷണം നടത്തുന്നത്.