ചോറ്റാനിക്കരയിലെ 16 കാരി ആദിത്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. പുത്തൻകുരിശ് DYSP യുടെ നേതൃത്വത്തിലാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം. ആദിത്യയുടെ മൊബൈൽ ഫോൺ വിശദപരിശോധനയ്ക്ക് ഫൊറൻസിക് ലാബിലേക്ക് അയച്ചു.
കുടുംബത്തിൻ്റെ പരാതിയും, മനോരമ ന്യൂസ് വാർത്തയും ഫലം കണ്ടു. ആദിത്യയുടെ മരണം ഇനി പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ആദിത്യയുടെ മൊബൈൽ ഫോൺ വീണ്ടും വിശദമായി പരിശോധിക്കും. ഇതിനായി മൊബൈൽ ഫോൺ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയച്ചു.
ഫോൺ ആദ്യം പരിശോധിച്ചതിൽ നിന്നും ഒന്നും ലഭിച്ചില്ലെന്നും, ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു ആദ്യം പൊലീസിന്റെ നിലപാട്. ഇതോടെ, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. കോടതിയെ സമീപിക്കുമെന്നും പിതാവ് വ്യക്തമാക്കി. ഇതോടെ പിതാവിനെ വിളിപ്പിച്ച പൊലീസ്, മൊബൈൽ ഫോൺ വീണ്ടും വിശദമായി പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ ആദിത്യയുടെ വീട്ടിലെത്തിയ പൊലീസ് വീണ്ടും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കുമെന്നും, എത്രയും വേഗം കാര്യങ്ങൾ തെളിയിക്കാമെന്നും കുടുംബത്തിന് പൊലീസ് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.