വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ രാത്രി സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി ജിഹാസ് ആണ് അറസ്റ്റിലായത്. കമ്മൽ ഊരിയെടുക്കാനുള്ള ശ്രമം ചെറുത്തതോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള റോഡിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞത്.

മാനന്തവാടി ദ്വാരകയിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ആണ് ശനിയാഴ്ച രാത്രി നാലുവയസുകാരിയെ കാണാതായത്. രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ എഴു കിലോമീറ്റർ അകലെ തരുവണയിലെ റോഡരുകിൽ വച്ച് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് തട്ടിക്കൊണ്ടുപോകലാണ് എന്ന സംശയത്തിന് ബലമേറി. മാനന്തവാടി ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ നടന്ന വ്യാപകമായ തിരച്ചിലിന് ഒടുവിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  പ്രതി പിടിയിലാകുന്നത്. 

കഞ്ചാവ് കൈവശം വെച്ചത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് പടിഞ്ഞാറത്തറ സ്വദേശിയായ ജിഹാസ്. ഒരു നാടിനെ മൂന്ന് ദിവസമായി ആശങ്കയിൽ നിർത്തിയ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് മാനന്തവാടി പൊലീസിനും ആശ്വാസമായി.

ENGLISH SUMMARY:

A four-year-old girl was kidnapped from her home in Mananthavady, Wayanad and later found abandoned. The accused, identified as Jihas from Padinjarathara, was arrested at Kozhikode railway station after he abandoned the child due to her resistance when he tried to snatch her earrings.