കുവൈറ്റിൽ നിന്നും നാടുകടത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേത് കേവലം മരണമല്ല, കൊലപാതകമെന്ന ആരോപണവുമായി കുടുംബം. ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ സൂരജ് ലാമ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും കുടുംബം പറഞ്ഞു. സൂരജ് ലാമയുടെ മൃതദേഹം കൊച്ചിയിൽ സംസ്കരിച്ചു.

 

എല്ലാ സംവിധാനങ്ങൾക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം കുടുംബം പ്രതികരിച്ചത്. ഓർമ്മശക്തി ഇല്ലാതെ എത്തിയ സൂരജ് ലാമയെ കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതർ കൃത്യമായി പരിചരിച്ചില്ല. അവർ ആവശ്യമായ സഹായം നൽകിയിരുന്നെങ്കിൽ സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രിക്കെതിരെ പരാതി നൽകുമെന്നും, നീതി ഉറപ്പാക്കണമെന്നും കുടുംബം പറഞ്ഞു. 

 

കളമശ്ശേരി എച്ച്എംടി പരിസരത്തുനിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതോടെയാണ് മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതർ കുടുംബത്തിന് വിട്ടുനൽകി. 9 മണിയോടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി. മതാചാരപ്രകാരമുള്ള പ്രാർഥനകൾക്ക് ശേഷം പത്തരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നാളെ നേരിട്ട് ഹാജരാകാൻ നെടുമ്പാശ്ശേരി എസ്.എച്ച്.ഒയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

Suraj Lama's death is not merely an incident but a murder, according to allegations made by his family. They claim that if the hospital authorities had provided proper care, Suraj Lama would still be alive, highlighting negligence and seeking justice.