തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. അമ്മയുടെ രഹസ്യമൊഴിയുടെ വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛന്‍ ഷിജില്‍ ഒരു കൊടുംക്രിമിനലാണെന്ന് പൊലീസ് പറയുന്നു. ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴിയിലുണ്ട്. Also Read: ‘അവര്‍ നാലുപേരും കൂടിയാണ് കുഞ്ഞിനെ ഓരോ ദിവസമായി കുത്തിക്കുത്തി കൊന്നത്, ഗര്‍ഭം തന്നെ കളയാന്‍ ശ്രമിച്ചു
സംഭവദിവസം ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞ് എണീറ്റു കരഞ്ഞതാണ് ഷിജിലിനെ പ്രകോപിതനാക്കിയത്. ഉടന്‍ തന്നെ കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അതിഭീകരമായ വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും അയാള്‍ തയ്യാറായില്ല. ഏറെനേരം അപേക്ഷിച്ച ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതിനുംമുന്‍പേ കുഞ്ഞ് മരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഷിജില്‍ കൊടും ക്രിമിനലാണെന്ന് വ്യക്തമാക്കുന്ന പൊലീസ് ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പറയുന്നു. സെക്സ് ചാറ്റ് നടത്താനായി മാത്രം ഇയാള്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞിനെ നേരത്തേ തന്നെ ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും പിതൃത്വം ചൊല്ലിയും ഇയാള്‍ വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുഞ്ഞിന്റെ ഒരേഒരു ചിത്രം മാത്രമാണ് കണ്ടെടുക്കാനായത്. അതും കുഞ്ഞിന്റെ കൈ ഒടിച്ച ശേഷമുള്ള ഫോട്ടോയാണിതെന്നും കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ മൊഴി നല്‍കി. ഒരു സാധാരണക്കാരന് ചെയ്യാനാവാത്തത്ര ക്രൂരതയാണ് ഷിജില്‍ കൃഷ്ണപ്രിയയോടും കുഞ്ഞിനോടും ചെയ്തതെന്ന് കൃഷ്ണപ്രിയയുടെ കുടുംബവും പറയുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ പലതവണ ഇയാള്‍ ശ്രമിച്ചിരുന്നു. ഷിജിലും അമ്മയും അച്ഛനും സഹോദരിയും പലതവണ കുഞ്ഞിനേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്ന് അമ്മ പ്രഭ മനോരമന്യൂസിനോട് പറഞ്ഞു.
കുഞ്ഞിനുവേണ്ടി പണം ചിലവാക്കാനാവില്ലെന്നതാണ് അവരുടെ നിലപാട്. നല്ല ഭക്ഷണം പോലും നല്‍കാന്‍ തയ്യാറായിരുന്നില്ല. കുഞ്ഞിന്റെ മരണത്തില്‍ ഷിജിലിന്റെ മാതാപിതാക്കളേയും സഹോദരിയേയും ചോദ്യം ചെയ്യണമെന്നും പ്രതിയാക്കണമെന്നും അമ്മ പ്രഭ ആവശ്യപ്പെടുന്നു. അടിവയറ്റിലേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ കണ്ടെത്തിയതോടെയാണ് അച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാരംഭിച്ചത്.