കാമുകിയുടെ മകളെ വീട്ടില്‍ വെച്ചും, ശ്മശാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാനില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ച് 53കാരന്‍. 2021 ഫെബ്രുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലാണ് ലൈംഗികാതിക്രമം നടന്നത്. പീഡനക്കേസില്‍ തെളിവുകളുടെയും ഇരയുടെ മൊഴിയുടെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുകയാണ് സിംഗപ്പൂര്‍ കോടതി.
പീഡനം നേരിടുമ്പോള്‍ ഇരയ്ക്ക് 10 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 ഡിസംബറിൽ, ലൈംഗികാതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് മകളെ വിശ്വസിക്കാന്‍ അമ്മ തയ്യാറല്ലായിരുന്നു. അമ്മ മകളെ വിശ്വസിക്കാതായതോടെ 53കാരന്‍ പീഡനം തുടരുകയായിരുന്നു. അമ്മ അവിശ്വസിച്ചിട്ടും, ഇര മൂത്ത അർദ്ധസഹോദരിയോട് പീഡനത്തെക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതിന്റെ ഫലമായി 2022 ഫെബ്രുവരി 3ന് ഇരയുടെ പിതാവാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
53കാരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് അമ്മ തന്നെ ശകാരിച്ചതായും, കള്ളം പറയുന്നത് നിർത്താൻ പറഞ്ഞതായും ഇര വിചാരണ വേളയിൽ മൊഴി നല്‍കി. സിംഗപ്പൂരിൽ ജനിച്ച ഇയാൾക്കെതിരെ പോക്സോ വകുപ്പിട്ടാണ് കേസെടുത്തത്. ഇരയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി 53കാരന്‍റെ പേര് വെളിപ്പെടുത്തേണ്ടെന്ന് കോടതി വ്യക്തമാക്കി. 2025 ഏപ്രിലിൽ ആരംഭിച്ച വിചാരണയ്ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ഐഡൻ സൂ വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
ഇരയായ പെൺകുട്ടിക്കും അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പം ഒറ്റമുറി വാടക ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. കുട്ടികൾ സ്വീകരണമുറിയിൽ ഒരു ബെഡിലാണ് കിടന്നിരുന്നത്. അമ്മയ്ക്കൊപ്പമാണ് 53കാരന്‍ കിടപ്പുമുറിയിൽ ഉറങ്ങിയിരുന്നത്. 2021 ഫെബ്രുവരിയിൽ, മെത്തയുടെ അരികിൽ ഇരിക്കുമ്പോൾ തന്റെ വസ്ത്രത്തിനടിയിൽ 53കാരന്‍ സ്പർശിക്കുന്നത് അറിഞ്ഞാണ് താൻ ഉണർന്നതെന്നും, അതിന് ശേഷമാണ് നിരന്തരം പീഡിപ്പിച്ചതെന്നും ഇര മൊഴി നൽകി. വാടകയ്‌ക്കെടുത്ത വാന്‍ ശ്മശാനങ്ങളിൽ പാർക്ക് ചെയ്ത ശേഷം വാഹനത്തിനുള്ളില്‍ വെച്ചും അയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇര വ്യക്തമാക്കിയിരുന്നു. പ്രതിഭാഗത്തിന്‍റെ വാദങ്ങളെല്ലാം കോടതി തള്ളുകയും, 53കാരന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് വിധിക്കുകയുമായിരുന്നു.