rahul-kpm-regency

മൂന്നാം ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്നാണ്. ഇന്നലെ അര്‍ധരാത്രി രാഹുല്‍ പോലും അറിയാതെയായിരുന്നു പൊലീസിന്‍റെ ഓപ്പറേഷന്‍. മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നീലപ്പെട്ടി ഓപ്പറേഷന്‍ നടന്നതും ഇതേ ഹോട്ടലിലായിരുന്നു. അതും ഒരു അര്‍ദ്ധരാത്രിയില്‍.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോളാണ് നീലപ്പെട്ടി വിവാദമുണ്ടാകുന്നത്. പാലക്കാട്ടെ സ്ഥാനാർഥിയായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽഡിഎഫ് പരാതിക്ക് പിന്നാലെയാണ് 2025 നവംബര്‍ 5ന് പൊലീസ് പരിശോധനയ്ക്ക് എത്തുന്നത്. യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന മുറികളിലായിരുന്നു പരിശോധന. അന്നും രാഹുലിനൊപ്പം വിവാദങ്ങളിലുണ്ടായിരുന്നത് കെഎസ്‍യു നേതാവ് ഫെനിയായിരുന്നു. എന്നാല്‍ കേസില്‍ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തവണ പഴുതടച്ചായിരുന്നു പൊലീസ് നീക്കം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്ന കഴിഞ്ഞ രണ്ടു ലൈംഗികാതിക്രമ കേസുകളിലും പൊലീസിനുണ്ടായ നാണക്കേട് ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡലത്തിലുണ്ടായിരുന്ന രാഹുലിനെ പിടികൂടാന്‍ നേരത്തേ തന്നെ പൊലീസ് സംഘം രാഹുല്‍ താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. പന്ത്രണ്ടരയോടെ രാഹുലിന്റെ 2002 നമ്പര്‍ മുറിയിലേക്ക് കയറിവന്ന പൊലീസ് മൂന്നാമത്തെ പരാതിയില്‍ അറസ്റ്റ് വാറന്റ് ഉണ്ടെന്ന്് പറയുകയും രാഹുലുമായി സംസാരിക്കുകയും ചെയ്തു.

എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ രാഹുല്‍ തന്റെ വക്കീലുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു ഹോട്ടലില്‍ താമസിക്കുന്ന തന്റെ പിഎയെ വിവരം അറിയിക്കണമെന്ന് പറഞ്ഞെങ്കിലും അതൊക്കെ തങ്ങള്‍ അറിയിച്ചോളാമെന്നായിരുന്നു പൊലീസിന്റെ മറുപടി. ആദ്യം ഹോട്ടല്‍മുറിയില്‍ നിന്നും പുറത്തുകടക്കാന്‍ വിസമ്മതിച്ച രാഹുല്‍ പിന്നീട് പൊലീസിനു വഴങ്ങുകയായിരുന്നു.

ENGLISH SUMMARY:

Palakkad MLA Rahul Mamkootathil was arrested in a midnight police operation at KPM Regency regarding a third sexual assault complaint. This is the same hotel central to the 'Blue Box' controversy. Police executed a non-bailable warrant after a stealth operation.