കര്‍ണാടകയിലെ ഉത്തര കന്നഡ യെല്ലാപുരയിൽ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യെല്ലാപുര സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക പാചകക്കാരിയായിരുന്ന രഞ്ജിത ബനസോഡെ (30) ആണ് കൊല്ലപെട്ടത്. ശനിയാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന റഫീഖ് ഇമാംസാബിനാണ് കൊല നടത്തിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് കുഴഞ്ഞു വീണ രഞ്ജിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്.
കളിക്കൂട്ടുകാര്‍, സൗഹൃദം, കൊലപാതകം
കുട്ടിക്കാലം മുതല്‍ പരസ്പരം അറിയുന്നവരായിരുന്നു രഞ്ജിതയും റഫീഖും. ഇരുവരുടെയും കുടുംബങ്ങളും നല്ല സൗഹൃദത്തിലായിരുന്നു. മഹാരാഷ്ട്ര സോലാപൂർ സ്വദേശി സച്ചിൻ കട്ടേരയെ 12 വർഷം മുൻപ് വിവാഹം ചെയ്ത രഞ്ജിതയ്ക്ക് 10 വയസ്സുള്ള മകനുണ്ട്. സച്ചിനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞശേഷം രഞ്ജിത യെല്ലാപുരയിലെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. റഫീഖ് ഇവരുടെ വീട്ടിൽ നിന്ന് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. രഞ്ജിതയെ കാണാന്‍ റഫീഖ് വീട്ടില്‍ വരുന്നതും പതിവായിരുന്നു.
അടുത്തിടെ റഫീഖ് രഞ്ജിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പലവട്ടം ഇതാവര്‍ത്തിച്ചു. പക്ഷേ രഞ്ജിതയും വീട്ടുകാരും സമ്മതിച്ചില്ല. സൗഹൃദം ഇതുപോലെ മുന്നോട്ടുപോയാല്‍ മതിയെന്നായിരുന്നു രഞ്ജിതയുടെ നിലപാട്. ശനിയാഴ്ച സ്കൂളില്‍ നിന്ന് മടങ്ങുംവഴി റഫീഖ് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അപ്പോള്‍ രഞ്ജിത റഫീഖിനോട് ദേഷ്യപെട്ടു. പെട്ടെന്ന് റഫീഖ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.
രഞ്ജിതയെ കുത്തിവീഴ്ത്തിയ ശേഷം റഫീഖ് ഓടിപ്പോയി. കരച്ചില്‍കേട്ട് വന്നവരാണ് രഞ്ജിതയെ യെല്ലാപുരയിലെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിടിനെയാണ് റഫീഖിനെ സമീപത്തെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരക്കൊമ്പില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വര്‍ഗീയ ആരോപണം, ഹര്‍ത്താല്‍
ദലിത് യുവതി കൊല്ലപെട്ടതിന്‍റെ നടുക്കം വിട്ടുമാറുംമുന്‍പ് പ്രദേശത്ത് വര്‍ഗീയ ചേരിതിരിവിനു ശ്രമമുണ്ടായി. ഇരുവരും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്ന് ഗ്രാമവാസികള്‍ വ്യക്തമായെങ്കിലും തീവ്ര ഹിന്ദുത്വ സംഘടനകള്‍ ‘ലൗ ജിഹാദ്’ ആരോപണമുയര്‍ത്തി രംഗത്തെത്തി. ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്കാണ് ആദ്യം രംഗത്തു വന്നത്. യെല്ലാപുരയിൽ ബന്ദിന് ആഹ്വാനം ചെയ്തു. ശ്രീരാമസേന പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. ഉപരോധം തുടരുന്നതിനിടെയാണ് റഫീഖിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.