ആറ് വയസ്സുള്ള പെൺകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം, മേൽക്കൂരയിൽ നിന്ന് എറിഞ്ഞു കൊലപെടുത്തിയ രണ്ട് പേരെ ഏറ്റുമുട്ടലിലൂടെ പിടികൂടി പൊലീസ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സിക്കന്ദ്രാബാദ് പൊലീസാണ്, പൊലീസിന് നേർക്ക് വെടിയുതിർത്ത പ്രതികളെ പ്രത്യാക്രമണം നടത്തി കുടുക്കിയത്. പ്രതികളായ രാജു, വീരു കശ്യപ് എന്നിവരെ മുട്ടിന് താഴെ വെടിവച്ചാണ് പിടികൂടിയത്.
പ്രതികള്‍ നിഷ്ഠൂരമായി ബലാല്‍സംഗം ചെയ്തശേഷം വലിച്ചെറിഞ്ഞ പെൺകുട്ടിയെ പൊലീസാണ് സിക്കന്ദ്രാബാദിലെ ആശുപത്രിയിലെത്തിച്ചെച്ചത് . എന്നാല്‍ ജീവന്‍രക്ഷിക്കാനായില്ല . ബലാല്‍സംഗത്തിനുശേഷം കുട്ടി മരിച്ചെന്ന് ബോധ്യമായ പ്രതികള്‍ അവള വീടിന്‍റെ ടെറസില്‍ നിന്ന് താഴേയ്ക്ക് എറിയുകയായിരുന്നു. സിക്കന്ദ്രബാദ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാടക വീട്ടിൽ താമസിക്കുന്നവരായിരുന്നു രാജു, വീരു എന്നീ പ്രതികൾ. ഇരയുടെ കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ടെറസിൽ കളിക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.
ഇരയുടെ പിതാവ് നൽകിയപരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. കൻവാരയിൽ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. ഇൻഡസ്ട്രിയൽ ഏരിയയിൽ പൊലീസ് സംഘം എത്തിയതോടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പ്രതികളുടെയും കാലുകൾക്ക് വെടിയേറ്റത്. ഉടൻ തന്നെ അവരെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിനായി പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. കൂടുതല്‍ നയമനടപടികള്‍ക്കായി മെഡിക്കൽ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്ന് സിക്കന്ദ്രാബാദ് പൊലീസ് അറിയിച്ചു.