പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയെ സ്ത്രീധനത്തിന്‍റെ പേരില്‍ നഗ്നയാക്കി മര്‍ദിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസ്. ചിക്കമഗളൂരുവിലെ നന്ദിഹൊസള്ളിയിലാണ് പെണ്‍കുട്ടിയെ അടിച്ച് അവശയാക്കിയത്. ഭര്‍ത്താവ് തിമ്മപ്പയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവദിവസം മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ തിമ്മപ്പ സ്ത്രീധനം എവിടെ എന്ന് ആക്രോശിച്ച് ഭാര്യയെ വിവസ്ത്രയാക്കി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് ശേഷം വീട്ടിൽ പൂട്ടിയിടാനും ശ്രമച്ചു. ഇതിനിടെ കയ്യില്‍ക്കിട്ടിയ വസ്ത്രവും വാരിചുറ്റി ഭാര്യ വീടിന്‍റെ പിൻഭാഗത്ത് കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം . ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. പ്രണയ വിവാഹമായതിനാലും സ്ത്രീധനം കിട്ടാത്തതിനാലും അച്ഛനടക്കമുള്ള ബന്ധുക്കള്‍ തിമ്മപ്പയെ ഇടക്കിടെ കുറ്റപ്പെടുത്തുകയും ഭാര്യയെ മര്‍ദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
സ്ത്രീധനത്തിന്‍റെ പേരിലുള്ള അടി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും, ഇതുവരെ നാണക്കേട് ഭയന്ന് ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും ഭാര്യ പൊലീനോട് പറഞ്ഞു. അച്ഛനും സഹോദരനും ചേര്‍ന്ന് തിമ്മപ്പയെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ ഭാര്യയെ മര്‍ദിച്ചത്.