തിരുവനന്തപുരം നാവായിക്കുളം കുടവൂർ മുസ്ലീം പള്ളി വക ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ വിദ്യാര്‍ഥികള്‍ പിടിയില്‍. ആംബുലന്‍സ് നഷ്ടപ്പെട്ടതറിഞ്ഞ് പള്ളിക്കമ്മിറ്റിക്കാർ സി.സി.ടി.വി നോക്കിയപ്പോഴാണ് രണ്ട് കുട്ടികളാണ് മോഷ്ടക്കാളെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകി.
പൊലീസെത്തി സി.സി.ടിവി നോക്കി മോഷണം നടത്തിയത് വിദ്യാർത്ഥികൾ തന്നെയെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. പള്ളിയില്‍ തന്നെ താമസിച്ച് മതപഠനം നടത്തിയിരുന്നയാളാണ് മോഷ്ടക്കളില്‍ ഒരാളെന്ന് എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. രണ്ടാമന്‍ സുഹൃത്തും . പതിമൂന്നും പതിനാലും വയസ് മാത്രമുള്ള വിദ്യാർത്ഥികളാണ് ഇവര്‍ .
ശനിയാഴ്ച രാത്രി 10.30നാണ് പള്ളി കോമ്പൗണ്ടിനുള്ളിൽ നിന്ന് ആംബുലൻസ് കടത്തിയത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന പരാതിയും പൊലീസ് സ്റ്റേഷനിലെത്തി. കുട്ടികളുടെ മാതാപിതാക്കളായിരുന്നു പരാതി നല്‍കിയത് . ഇതിനിടെ വര്‍ക്കല ഭാഗത്തു നിന്ന് ആംബുലന്‍സ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വാഹനം അവിടെ ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ ട്രെയിന്‍ കയറിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇരുവരും പോയത് കോഴിക്കോട്ടേക്കാണെന്നും പൊലീസിന് മനസിലായി. ഇവര്‍ കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയിലുള്ള ബന്ധുവീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി കുട്ടികളെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.