Untitled design - 1

കോഴിക്കോട് നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോട്ടലിലെത്തിയ മദ്യപ സംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സംഘര്‍ഷാന്തരീക്ഷത്തില്‍ അഴിഞ്ഞാടിയ ലഹരിസംഘത്തിനെതിരെ കേസെടുക്കാതെ പൊലീസ് ശാസിച്ചുവിട്ടു. 

നടക്കാവിലെ ഹോട്ടിലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് രണ്ടാം സംഘവും വാങ്ങിത്തരണമെന്ന് ആദ്യസംഘവും നിലപാടെടുത്തു. വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. 

ഇരുസംഘവും ലഹരി ഉപയോഗിച്ചതിനാല്‍ ആരും ആദ്യം തടയാന്‍ നിന്നില്ല. ഇതിനിടെ ബീഫ് ഫ്രൈ ആവശ്യപ്പെട്ട സംഘത്തിലൊരുവന്‍ മര്‍ദനമേറ്റ് ബോധരഹിതനായി. അപ്പോഴേയ്ക്കും സ്ഥലത്ത് പൊലിസെത്തി. പൊലിസിന്‍റെ സാനിധ്യത്തിലും ഇരുസംഘവും കയ്യേറ്റം തുടര്‍ന്നു. പിന്നാലെ ഭീഷണിയും കൊലവിളിയും. 

ഒടുവില്‍ ബോധരഹിതനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിവിട്ട പൊലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അരമണിക്കൂറിലധികം ഗതാഗതസതംഭനം ഉണ്ടാക്കി നഗരമധ്യത്തില്‍ ലഹരി ഉപയോഗിച്ച് അഴിഞ്ഞാടിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാതെ ശാസിച്ച് വിടുകയാണ് പൊലിസ് ചെയ്തത്. വലിയ പ്രശ്നക്കാരല്ലാത്തത് കൊണ്ട് വിട്ടയച്ചുവെന്നാണ് നടക്കാവ് പൊലിസിന്‍റെ വിശദീകരണം. 

ENGLISH SUMMARY:

Beef fry fight breaks out in Kozhikode between two groups of youths at a hotel in Nadakkavu. A group of intoxicated youths demanded another group buy them beef fry, leading to a violent altercation and police intervention, but the police released the youths with a warning.