തിരുവനന്തപുരം കേശവദാസപുരത്തെ റിട്ടയേര്‍ഡ് സർക്കാർ ജീവനക്കാരി മനോരമ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും തൊണ്ണൂറായിരം രൂപയും ശിക്ഷ. ബംഗാളുകാരന്‍ ഇരുപത്തി മൂന്നുവയസ്സുള്ള നിർമാണത്തൊഴിലാളി ആദം അലിയെ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കവർച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കെട്ടിത്താഴ്ത്തിയ ക്രൂരതയ്ക്കുള്ള ശിക്ഷയാണ് വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടുകയായിരുന്നു.
കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ അറുപത്തി എട്ട് വയസുള്ള മനോരമയെയാണ് ആദം അലി കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അയല്‍ വീട്ടിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയത്. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈയില്‍ വച്ചാണ് പ്രതിയെ റെയില്‍വേ സുരക്ഷാ സേന പിടികൂടിയത്.
മനോരമയുടെ വീടിനടുത്ത് നിര്‍മാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉള്‍പ്പെടെ അതിഥി തൊഴിലാളികള്‍ എത്തിയത്. ഒരു മാസത്തിലേറെ മനോരമയുടെ വീട്ടില്‍ വെള്ളമെടുക്കാന്‍ വന്നിരുന്നതിനാല്‍ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. മനോരമയുടെ ഭര്‍ത്താവ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍പോയ സമയത്താണ് വീടിന്റെ പിന്നില്‍വച്ച് കൊല നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ കാലില്‍ ഇഷ്ടിക കെട്ടിയിട്ടിരുന്നു. വീടിനു സമീപത്തെ ഓടയില്‍നിന്നാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കഴുത്തില്‍ കുത്തിയ ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് ആദം അലി വീട്ടമ്മയെ ആക്രമിച്ചതെന്നും ഈ സമയത്ത് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നില്ലാത്തതിനാലാണ് ഇവ കവരാന്‍ ആദം അലിക്ക് സാധിക്കാതെ പോയതെന്നുമാണ് പൊലീസ് നിഗമനം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണം പിന്നീട് വീട്ടില്‍നിന്നു തന്നെ തിരിച്ചുകിട്ടിയിരുന്നു. വീട്ടില്‍ മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കി ചെമ്പരത്തി പൂ എടുക്കാനെന്ന വ്യാജേനെയാണ് പ്രതി വീട്ടിലേക്ക് വന്നത്. മുറ്റത്തെ ചെമ്പരത്തി ചെടിയില്‍ നിന്ന് പൂവ് പറിച്ച് നല്‍കുന്നതിനിടെ മനോരമയുടെ പിന്നിലൂടെ ചെന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു