ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നുവെന്നും, അത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ഗർഭം അലസിപ്പിച്ചതെന്നുമാണ് അതിജീവിതയുടെ മൊഴി. മേയ് 30നാണ് ഭ്രൂണഹത്യയ്ക്ക് മരുന്നെത്തിച്ചത്. അത് കഴിക്കാന്‍ രാഹുല്‍ വീഡിയോ കോൾ വഴി നിര്‍ദേശിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ഇതിന് നേര്‍ വിപരീതമാണ് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍. ഗര്‍ഭഛിദ്രം ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് രാഹുലിന്‍റെ വാദം.
വാട്സാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച രാഹുല്‍ മാര്‍ച്ച് 17ന് യുവതിയുടെ തിരുവനന്തപുരത്ത് ഫ്ളാറ്റിലെത്തി ആദ്യമായി ബലാല്‍സംഗം ചെയ്തെന്നാണ് മൊഴി. അന്ന് മൊബൈലില്‍ നഗ്നദൃശ്യങ്ങളും ചിത്രീകരിച്ചു. ബന്ധം പുറത്ത് പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് വീണ്ടും യുവതിയുടെ ഫ്ളാറ്റില്‍വെച്ചും മെയ് അവസാനം രാഹുലിന്‍റെ പാലക്കാടുള്ള ഫ്ളാറ്റിലെത്തിച്ച് രണ്ട് തവണയും പീഡിപ്പിച്ചെന്നാണ് മൊഴി.
രാഹുലിന്‍റെ ജാമ്യ ഹര്‍ജിയിലെ പ്രസക്ത ഭാഗം
ഗർഭചിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ല. പരാതിക്കാരി സ്വയമാണ് ഗർഭചിദ്രത്തിനുള്ള മരുന്ന് കഴിച്ചത്. യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണ്. യുവതിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്കിലൂടെയാണ്. അവരുമായി ദീര്‍ഘകാലത്തെ സൗഹൃദമാണ് തനിക്ക് ഉള്ളത്. ഈ വ്യാജ പരാതി സിപിഎം– ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ്. അന്വേഷണവുമായി സഹകരിക്കും. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ട്.
പരാതിക്കാരിയുമായുള്ളത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ്. ഗർഭഛിദ്രം നടത്തി എന്ന കുറ്റം നിലനിൽക്കില്ല. പരാതിക്കാരി സ്വയം ഗുളികകൾ കഴിക്കുകയായിരുന്നു. താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയാണുണ്ടായത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചിട്ടുണ്ട്. പരാതിക്കാരി തന്നെയാണ് ഇക്കാര്യം തന്നെ അറിയിച്ചിട്ടുള്ളത്. അതിന് തെളിവുകളുമുണ്ട്. ഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത് രാഷ്ട്രീയ താൽപ്പര്യത്തോടെയാണ്. ജാമ്യം അനുവദിക്കണം.