രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെ പരിഹസിച്ചുകൊണ്ടുള്ള യുഡിഎഫ് നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി എംബി രാജേഷ്. 2021ല്‍ ചെന്നിത്തലയും 2026ല്‍ സതീശനും പറഞ്ഞത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഇത്തരമൊരു ബഡ്ജറ്റ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നാണ്. എന്നാല്‍ ചെന്നിത്തല പറഞ്ഞത് തെറ്റി, വീണ്ടും ഇടത് സര്‍ക്കാര്‍ വന്നു. ഇപ്പോള്‍ സതീശന്‍ പറഞ്ഞതും ഈ തിരഞ്ഞെടുപ്പോടെ തെറ്റും. 2031 ലും ഇതേ കാഴ്ച്ച നമുക്ക് കാണാം. അന്ന് ഇത് പറയാൻ പോകുന്ന യു.ഡി.എഫ് നേതാവിനെ പ്രവചിക്കാമോ എന്നും പരിഹാസ രൂപേണ എംബി രാജേഷ് കുറിക്കുന്നു. സതീശനും ചെന്നിത്തലയും പറഞ്ഞ വാക്കുകളും പോസ്റ്റില്‍ മന്ത്രി എടുത്തു പറയുന്നുണ്ട്.
“ഇതൊരു ബഡായി ബഡ്ജറ്റാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഇത്തരമൊരു ബഡ്ജറ്റ് അവതരിപ്പിച്ചത്” - ശ്രീ.രമേശ് ചെന്നിത്തല, 2021
“അപ്രസക്തമായ ഒരു ബഡ്ജറ്റാണിത്. ഒരു രൂപ പോലും ഇവർക്ക് കൊടുക്കേണ്ടി വരില്ല” - ശ്രീ.വി.ഡി.സതീശൻ, 2026. 2031 ലും ഇതേ കാഴ്ച്ച നമുക്ക് കാണാം. അന്ന് ഇത് പറയാൻ പോകുന്ന യു.ഡി.എഫ് നേതാവിനെ പ്രവചിക്കാമോ? – മന്ത്രി എംബി രാജേഷ് കുറിച്ചു.
ബജറ്റിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിമര്‍ശിച്ചു. ബജറ്റ് അവതരണത്തിന് പിന്നാലെ "ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും", സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു കണ്ടു. ഖജനാവ് കാലിയാണെന്ന് രാപ്പകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്‍റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നതെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
'ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കിൽ താങ്കൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾ എവിടെ നിന്നാണ് വരുന്നത്? നാടിന്‍റെ വികസനത്തിനും പാവപ്പെട്ടവന്‍റെ ക്ഷേമത്തിനുമായി സർക്കാർ നീക്കിവെക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നത്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലെ തന്നെ, ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പെൻഷനും മറ്റ് ക്ഷേമ പദ്ധതികളും സർക്കാർ കൃത്യമായി ഉറപ്പാക്കുന്നുണ്ട്. ഖജനാവ് കാലിയാണെന്ന് പറയുന്നവർ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുത്. ബജറ്റിലുള്ളത് വെറും വാക്കുകളല്ല, മറിച്ച് ഈ നാടിന്‍റെ പുരോഗതിക്കുള്ള കൃത്യമായ റോഡ് മാപ്പാണ്'. – ശിവന്‍കുട്ടി വ്യക്തമാക്കി.