ആന കാട്ടിൽ നിന്ന് പുറത്തേക്ക് വരാതിരിക്കാനായി സജ്ജീകരിച്ചിരുന്ന ഇലക്ട്രിക് ഷോക്ക് വേർപെടുത്തിയ ശേഷം അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വിഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ കേസെടുത്ത് വനം വകുപ്പ്. വയനാട് പുൽപ്പള്ളിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.  കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം 7 പേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. 

ഇവർ അനുമതിയില്ലാതെ 5 ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. ട്രാവലോഗ്സ് ഓഫ് വൈശാഖ് എന്ന വാളിൽ പ്രതികൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഈ ​ഗേറ്റിനുള്ളിലേക്ക് കയറിയാൽ പിന്നെ ബൈക്കിന്റെ ഹോണടിക്കരുതെന്നും,നന്നായി സൂക്ഷിച്ച് പോകണമെന്നും വിഡിയോയിലൂടെ പറഞ്ഞുകൊണ്ടാണ് കൊടുംവനത്തിലേക്ക് രാത്രിയിൽ കയറിയത്. ആനക്കായി ഇട്ടിരിക്കുന്ന ഷോക്കുകൾ മറികടന്നാണ് സാഹസ യാത്ര. 

വന്യജീവികൾക്ക് ശല്യമാവുന്ന വിധം റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു. 

ENGLISH SUMMARY:

YouTuber arrested in Kerala for filming illegal forest entry. The forest department is taking strict action against unauthorized travel and reel shooting in the reserve forest.