തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക പരിശോധനയില്‍ കുടുങ്ങിയത് 10ല്‍ അധികം കേസുകളിലെ പ്രതി. കുമളിയില്‍ ഹോം സ്റ്റേ വാടകയ്ക്കെടുത്ത് മറ്റൊരാൾക്ക് ഒറ്റിയ്ക്ക് കൊടുത്ത് തട്ടിപ്പു നടത്തിയ കേസിലാണ് ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സലാവുദ്ദീൻ (63) അറസ്റ്റിലായത്.
7 വർഷം മുൻപ് കുമളി റോസാപ്പൂ കണ്ടത്തിൽ ഹോംസ്റ്റേ വാടകയ്ക്ക് എടുക്കുകയും ഇത് മറ്റൊരാൾക്ക് ഒറ്റിക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഉടമയ്ക്കും ഒറ്റിക്ക് എടുത്ത ആൾക്കും പണം തിരികെ ലഭിക്കാതെ വന്നതോടുകൂടിയാണ് കേസുമായി ഇവർ കുമളി പൊലീസിൽ എത്തിയത്. എന്നാൽ ഇയാൾ അപ്പോഴേയ്ക്കും മുങ്ങിയിരുന്നു.
ഇലക്ഷന്‍ അടുത്തതോടെ നടത്തിയ വോട്ടർപട്ടിക പരിശോധനയിലാണ് തിരുവനന്തപുരത്ത് നിന്ന് ഇയാളെ കണ്ടുകിട്ടുന്നത്. കുമളി ഇൻസ്‌പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഷിനോമോൻ, രതീഷ് സിപി എന്നിവരാണ് പ്രതിയെ തിരുവനന്തപുരത്ത് എത്തി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സലാവുദ്ദീനെ റിമാൻഡ് ചെയ്തു.