സ്ത്രീയുടെ സ്വകാര്യ ദൃശ്യം മൊബൈലിൽ പകർത്തിയെന്ന പരാതിയിൽ സിങ്കപൂരിലെ സെങ്‌കാങ് ജനറൽ ആശുപത്രിയിൽ (എസ്‌കെഎച്ച്) ജോലി ചെയ്തിരുന്ന ഡോക്ടർ കുറ്റക്കാരനെന്ന് കോടതി. 34കാരനായ ഡോ. ജോനാഥൻ സോ ജിംഗ്യാവോയാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്ന് സ്ത്രീ കുളിക്കുന്നതിന്റെ വിഡിയോ പകർത്തിയത്. ഡിസംബർ 15 ന് അദ്ദേഹത്തിന് ശിക്ഷ വിധിക്കും.
2024 ഏപ്രിൽ 14നാണ് ഡോക്ടർ ശുചിമുറി ദൃശ്യം പകർത്തിയത്. വിവാദത്തിന് പിന്നാലെ, അദ്ദേഹം ജോലി രാജിവെച്ചിരുന്നു. ഇരയായ സ്ത്രീ ഒരു അപ്പാർട്ട്മെന്റിലെ അടുക്കളയ്ക്ക് സമീപമുള്ള പൊതു ടോയ്‌ലറ്റിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുവഴി പോയ ഡോക്ടർ ചുറ്റും ആരുമില്ലെന്ന് മനസിലാക്കി തന്റെ ഫോൺ അടുക്കളക്കും ശുചിമുറിക്കും ഇടയിലെ ജനലിലേക്ക് ഉയർത്തിപ്പിടിച്ച് സ്ത്രീയുടെ നഗ്നദൃശ്യം പകർത്തി.
ജനാലയ്ക്കരികിൽ നിന്ന് ഒരാൾ ഫോണിൽ തന്റെ നഗ്നദൃശ്യം എടുക്കുന്നത് കണ്ട സ്ത്രീ അലറിവിളിച്ചു. ഇതോടെ സോഹ് അടുക്കളയിൽ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നോക്കി ആരാണ് തന്റെ നഗ്നദൃശ്യം പകർത്തിയതെന്ന് അവൾ കണ്ടെത്തി. അവൾ ഡോക്ടറെ കൈയ്യോടെ പൊക്കി. എന്നാൽ അപ്പോഴേക്കും ഭയന്നുപോയ ഡോക്ടർ ആ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഡോക്ടർ അവളോട് ക്ഷമാപണം നടത്തുകയും അവൾ കുളിക്കുന്നത് താൻ റെക്കോർഡ് ചെയ്തതായി സമ്മതിക്കുകയും ചെയ്തു. സ്ത്രീയുടെ കാമുകന്റെ പരാതിയിലാണ് പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇരയെ തിരിച്ചറിയാതിരിക്കാനായി, ആ സ്ത്രീയുമായുള്ള ഡോക്ടറുടെ ബന്ധം കോടതി രേഖകളിൽ മറച്ചുവെച്ചിട്ടുണ്ട്.