യാത്രക്കാരി ട്രെയിനിൽ മറന്നുവച്ച സ്വർണവും വജ്രവും പണവും  വാച്ചുകളും ഉൾപ്പെടുന്ന ബാഗ് ആർ.പി.എഫ് കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ചു. ആലുവയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ഫൈസലിന്റെ ഭാര്യ മുനീസയാണ് ചെന്നൈ - ആലപ്പുഴ ട്രെയിനിൽ ബാഗ് മറന്നുവച്ചത്. എട്ട് ലക്ഷത്തിലധികം രൂപയുടെ മൂല്യമുള്ള സാധനങ്ങളാണ് ബാ​ഗിലുണ്ടായിരുന്നത്.  

ബുധനാഴ്ച്ച രാവിലെയാണ് ബാ​ഗ് നഷ്ടമായത്. ട്രെയിൻ ആലുവ വിട്ട ശേഷമാണ് ബാഗ് എടുക്കാൻ മറന്നുവെന്ന വിവരം മുനീസ ഓർത്തത്. ഉടൻ ആലുവ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിനെ (ആർ.പി.എഫ്) വിവരമറിയിച്ചു. എ.എസ്.ഐ കെ.കെ. സുരേഷ് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ സി.പി. ജോസഫിന് വിവരം കൈമാറി.  ജോസഫ് യുവതി സഞ്ചരിച്ചിരുന്ന കംപ്പാർട്ടുമെന്റിലെത്തിയപ്പോൾ ബാഗ് അവിടെ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു. 

മുനീസയും മകൻ ഫഹീസും ആർ.പി.എഫ് ആലുവ ഓഫീസിലെത്തി ബാഗ് കൈപ്പറ്റുകയായിരുന്നു. വജ്രം, സ്വർണ്ണാഭരണങ്ങൾ, രണ്ട് റിസ്റ്റ് വാച്ചുകൾ, ഒരു ഇയർ പോഡ്, 5,500 രൂപ എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്. 

ENGLISH SUMMARY:

Lost valuables returned to owner after they forgot the bag on the train. The Railway Protection Force (RPF) recovered the bag containing gold, diamonds, cash, and watches, and returned it to the owner.