തിരുവനന്തപുരം സിറ്റി എ.ആർ. ക്യാമ്പിലെ പൊലീസുകാരനായ ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്തിനെയാണ് (29) വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് അടുത്തുള്ള അക്കേഷ്യ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ച ഇദ്ദേഹം അതിന്റെ ഒരുക്കങ്ങളിലായിരുന്നു. നാളെ 'സേവ് ദ ഡേറ്റ്' ചിത്രീകരണത്തിനായി പോകാനിരിക്കുകയായിരുന്നു ശ്രീജിത്ത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മരണത്തിന് തൊട്ടുമുമ്പ് വരെ ശ്രീജിത്ത് ഫോണിൽ സംസാരിക്കുന്നത് കണ്ടതായി സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആര്യനാട് ആശുപത്രിയിലേക്ക് മാറ്റി.