ചാലക്കുടി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശിയായ ഗോഡ്‌സൺ (19), അന്നനാട് സ്വദേശിയായ ഇമ്മാനുവൽ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ഡിവൈൻ ധ്യാന കേന്ദ്രത്തിന് സമീപമുള്ള മേൽപ്പാലത്തിൽ വെച്ചാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ദേശീയപാതയിലെ മേൽപ്പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ചതിനെത്തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവലും ഗോഡ്‌സണും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും ഉടൻ തന്നെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് മേൽപ്പാലത്തിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.