തിരുവനന്തപുരം മാറനല്ലൂർ കള്ളന്മാരുടെ വിഹാരകേന്ദ്രം. 2 വർഷത്തിനിടയിൽ പഞ്ചായത്തിൽ നിന്ന് നൂറുപവനിലേറെ സ്വർണം കവർന്നിട്ടും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പുന്നാവൂരിൽ നിന്ന് 40 പവൻ കവർന്ന സംഭവത്തിൽ അന്വേഷണത്തിന് പുതിയ സംഘം രൂപീകരിക്കണമെന്ന ആവശ്യമുയർത്തുകയാണ് പഞ്ചായത്ത്.
ഒന്നും രണ്ടുമല്ല, കള്ളന്മാർ കൊണ്ടുപോയത് 100 പവനിലേറെ. ഇപ്പോഴത്തെ സ്വർണവിലയ്ക്ക് ഒരു കോടിയോളം രൂപയുടെ മുതൽ. പുന്നാവൂർ സ്വദേശി വിജയബാബുവിൻ്റെ വീട്ടിലെ 40 പവനാണ് അവസാനം കൊണ്ടുപോയത്. 2 വർഷം മുമ്പ് റസൽപുരത്ത് 13 വീടുകളിൽ നിന്നാണ് സ്വർണ്ണം കവർന്നത്.
കള്ളനെ പിടിക്കുന്നതിന് പകരം പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തിയത് നാണക്കേടായിരുന്നു. അടുത്തിടെയുണ്ടായ മോഷണങ്ങൾ പലതും പുന്നാവൂർ മേലാരിയോട് കേന്ദ്രീകരിച്ചാണ്. മാവേലി സ്റ്റോറിൽ കള്ളൻ കയറി. 12-ൽ അധികം വീടുകളിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പൂട്ടിയിട്ടിരിക്കുന്ന വീടുകൾ മാത്രം കേന്ദ്രീകരിച്ചാണ് മോഷണം. കഴിഞ്ഞ ദിവസം പുന്നാവൂരിൽ നടന്ന മോഷണം വീട്ടുകാർ അരമണിക്കൂർ സമയത്തേക്ക് പുറത്തുപോയപ്പോഴായിരുന്നു. നാട്ടുകാരുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. മോഷണക്കേസുകളിൽ ഒരു തുമ്പും കിട്ടാതായതോടെ ആശങ്കയിലാണ് ജനം.