ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന സ്ത്രീയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി മുഖത്ത് സ്പ്രേയടിച്ച് ബോധംകെടുത്തിയ ശേഷം സ്വർണ മാല അപഹരിക്കാൻ നോക്കിയ യുവാക്കൾ അറസ്റ്റിൽ. സുലോചനയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിൽ അരുവിക്കര സ്വദേശികളായ അൽ അസർ (35), നൗഷാദ് (31) എന്നിവരാണ് അറസ്റ്റിലായത്.

സ്പ്രേ അടിച്ച സമയം യാത്രക്കാരി ഉച്ചത്തിൽ നിലവിളിച്ചതോടെ, അത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മോഷ്ടാക്കളിൽ ഒരാളെ കൈയോടെ പിടികൂടിയത്. ആള് കൂടിയതോടെ ഓട്ടോയുമായി സ്ഥലത്തുനിന്ന് മുങ്ങിയ രണ്ടാമൻ അരുവിക്കര പൊലീസിന്റെ വലയിലായി.  കഴിഞ്ഞദിവസം കൊക്കോതമംഗലത്തുവച്ചാണ് സുലോചനയെ ആക്രമിച്ചത്. 

സുലോചന നെടുമങ്ങാട് മഞ്ച ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഓട്ടോറിക്ഷ അടുത്ത് വന്ന് നിർത്തിയ ശേഷം മുണ്ടേലയിലേക്ക് പോകുകയാണെന്നും വരുകയാണെങ്കിൽ കയറിക്കോലാനും അറിയിച്ചതോടെ സുലോചന ഓട്ടോയിൽ കയറുകയായിരുന്നു. കൊക്കോതമംഗലത്തെത്തിയപ്പോൾ ഓട്ടോയിൽ പിന്നിലിരുന്ന നൗഷാദ്  സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം സ്വർണ മാല പെ‍ാട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നൗഷാദിനെ നാട്ടുകാർ അവിടെവച്ച് തന്നെയാണ് പിടികൂടിയത്. പ്രതികളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Gold Chain Theft incident reported in Thiruvananthapuram. Two individuals were arrested for attempting to steal a gold chain after spraying pepper spray on a woman in an auto-rickshaw.