ബെംഗളൂരുവില്‍ ബംഗാളി യുവതിക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. രഹസ്യഭാഗങ്ങളില്‍ ചവിട്ടേറ്റതിനെ തുടര്‍ന്നു യുവതിയുടെ ചലന ശേഷി ഭാഗികമായി നഷ്ടമായി. മോഷണക്കുറ്റമാരോപിച്ചായിരുന്നു പൊലീസിന്റെ മൂന്നാം മുറ.
വരത്തൂരിലെ ഫ്ലാറ്റില്‍ വീട്ടുവേലക്കാരിയായ ബംഗാള്‍ യുവതി സുന്ദരി ബീബിക്കാണു ക്രൂരമര്‍ദ്ദനമേറ്റത്. മോഷണം നടത്തിയെന്നാരോപിച്ചു ഫ്ലാറ്റ് ഉടമയാണു യുവതിയെ വരത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്നു പൊലീസ് മൂന്നാം മുറയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. തലയിലും കൈകാലുകളിലും പുറത്തും സ്വകാര്യ ഭാഗത്തും അടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണു യുവതിയുടെ പരാതി
കുടിയേറ്റ തൊഴിലാളി യൂണിയന്‍ നേതാവായ രാജ്യസഭാ എം.പിക്ക് സുന്ദരിയും ഭര്‍ത്താവും പരാതി നല്‍കി. തുടര്‍ന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച മമതാ ബാനര്‍ജി പൊലീസ് നടപടിയില്‍ കടുത്ത അതൃപ്തിയും അറിയിച്ചു.