AI IMAGE
ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച 26കാരന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി. ചിറയിൻകീഴ് ശാർക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി. ആർ ബിജു കുമാർ ശിക്ഷിച്ചത്. പെൺകുട്ടിയുടെ മാതാവിനെ ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷമാണ് പ്രതി കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.
ആ സംഭവത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകി വർക്കല റിസോർട്ടിൽ കൊണ്ടുപോയും നിരവധി പ്രാവശ്യം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. വിദ്യാർത്ഥിനിയുടെ ഫോൺ ബന്ധു പരിശോധിക്കുന്നതിനിടെയാണ് ഒമ്പതാംക്ലാസുകാരിക്ക് 26കാരനുമായുള്ള ബന്ധം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുവാനും പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 23 മാസം തടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2022ൽ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷ് ആണ് കേസന്വേഷണം നടത്തിയത്.