പതിനഞ്ച് വയസുള്ള പെൺകുട്ടിയെ ഓട്ടോയ്ക്കുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച 37കാരന് പതിനെട്ട് വർഷം കഠിന തടവും 90000 രൂപ പിഴയും വിധിച്ച് പ്രത്യേക പോക്സോ അതിവേഗ കോടതി. ബോംബെ ഷമീർ എന്ന് അറിയപ്പെടുന്ന ഷെമീറിനാണ് പോക്സോ അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള കടുത്ത ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരി 24ന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം.
പീഡനത്തിനിരയായ കുട്ടിയുടെ സഹോദരി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സഹോദരിക്ക് വേണ്ടി പുറത്തുനിന്ന് മരുന്ന് വാങ്ങാനായി നിൽക്കുമ്പോൾ ഷമീർ അടുത്തെത്തി മൊബൈൽ നമ്പർ തരുമോ എന്ന് കുട്ടിയോട് ചോദിക്കുകയായിരുന്നു. അയാളെ ഗൗനിക്കാതെ മാറി നിന്ന കുട്ടിയുടെ കൈയ്യിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ച ഷമീർ തന്റെ നമ്പർ അതിൽ ടൈപ്പ് ചെയ്ത് കാൾ ചെയ്ത് കുട്ടിയുടെ നമ്പർ കൈക്കലാക്കി.
അങ്ങനെയാണ് കുട്ടിയും അമ്മുമ്മയും സെക്യൂരിറ്റി ഓഫീസിലെത്തി പരാതി പറഞ്ഞത്. അല്പം കഴിഞ്ഞ് ഷമീർ കുട്ടിയെ വിളിച്ച് ആശുപത്രിക്ക് പുറത്തുവരാൻ പറഞ്ഞു. കുട്ടി ചെന്നതോടെ ഓട്ടോയ്ക്കുള്ളിൽ ബലം പ്രയോഗിച്ച് പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. അതുവഴി ബൈക്കിലെത്തിയ രണ്ടുപേർ കുട്ടിയുടെ നിലവിളി കേട്ടു.
അവരെത്തിയതോടെ ഷമീർ കുട്ടിയുമായി ഓട്ടോയിൽ കടന്നുകളഞ്ഞു. ബൈക്കിലെത്തി രണ്ട് പേരും ഓട്ടോയെ പിന്തുടർന്ന ശേഷം, വഞ്ചിയൂർ സ്റ്റേഷനിൽ എത്തി കാര്യം പറയുകയായിരുന്നു. ബൈക്ക് പിന്നാലെ വരുന്നത് കണ്ടതോടെ പന്തികേട് തോന്നിയ ഷമീർ കുട്ടിയെ തമ്പാനൂർ ഇറക്കിവിട്ട് ഓട്ടോയുമായി മുങ്ങുകയായിരുന്നു.