TOPICS COVERED

തന്റെ കരിയറില്‍ ഏറ്റവും വേദനിപ്പിച്ച പോസ്റ്റുമോര്‍ട്ടമായിരുന്നു രണ്ടാനമ്മയുടെ പീഡനമേറ്റ് മരിച്ച അഞ്ചുവയസുകാരി അദിതിയുടേതെന്നായിരുന്നു ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ളി വാസു മനോരമന്യൂസിനോട് അന്ന്  വെളിപ്പെടുത്തിയത്. ഒരു കുഞ്ഞു ശരീരം അത്രയും മോശമായ രീതിയില്‍ കണ്ടപ്പോള്‍ തകര്‍ന്നുപോയെന്ന് ഷെര്‍ളിവാസു പറഞ്ഞു. കുഞ്ഞിന്റെ കൈകളിലും കക്ഷത്തിനുള്ളിലുമടക്കം നഖപ്പാടുകളും പൊള്ളിച്ച പാടുകളുമായിരുന്നു. തൊലിയെന്ന് പറയാവുന്നതല്ല ആ ശരീരത്തില്‍ കണ്ടത്. മുറിവേറ്റ പാടുകളില്ലാത്ത ഒരു ഭാഗം പോലും ആ ശരീരത്തിലുണ്ടായിരുന്നില്ലെന്നും ഷെര്‍ളി വാസു പറഞ്ഞു. 

കുട്ടിയുടെ കഴുത്ത് മുറുകെപ്പിടിച്ചുവച്ചാണ് തിളച്ച വെള്ളം കുടിപ്പിച്ചത്, പൊള്ളല്‍ പുറത്തേക്ക് കാണാതിരിക്കാനുള്ള രണ്ടാനമ്മയുടെ ശ്രമമായിരുന്നു അത്. മുടിയുടെ കറുപ്പ് നിറം ബ്രൗണ്‍ നിറമായി മാറിയിരുന്നു, ഓടയില്‍ നിന്നുമൊക്കെ കയറിവരുന്ന പെരുച്ചാഴിയുടെ രൂപത്തിനു സമാനമായ തരത്തില്‍ അവിടവിടെയായി കുറച്ച് മുടി, ബാക്കി ഭാഗം മൊട്ടത്തലയായിരുന്നു, വീട്ടിലെ പാചകം മൊത്തം ആ പിഞ്ചുകുഞ്ഞ് ചെയ്തു. , വിരലും നഖങ്ങളും പാടത്തു പണിയെടുക്കുന്ന സ്ത്രീകളുടേതിനേക്കാള്‍ മോശം അവസ്ഥയില്‍, പുറത്തെല്ലാം നായച്ചങ്ങലയുടെ പാടുകള്‍, കരളിന്റെ ഇടത്തേ ലോബ് ഇല പോലെ ശോഷിച്ചുവന്നിരുന്നു, ആമാശയം പൈപ്പിനു സമാനമായി നേര്‍ത്ത അവസ്ഥയില്‍, രണ്ടാഴ്ച മുന്‍പ് കഴിച്ച പച്ചമാങ്ങയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ആ ആമാശയത്തിനുള്ളില്‍ കാണാനായതെന്നും ഷെര്‍ളി വാസു വെളിപ്പെടുത്തി

ആസ്മയാല്‍ മരിച്ചെന്നു പറഞ്ഞ് കൊണ്ടുവന്ന ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ജീവിതം മൊത്തം നരകയാതന അനുഭവിച്ച ഒരു പിഞ്ചുകുഞ്ഞാണെന്ന് ബോധ്യപ്പെട്ടത്. രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നാല്‍ നല്ല ആരോഗ്യവാനായ മനുഷ്യന് അതിജീവിക്കാന്‍ സാധിക്കും, കാരണം കരളില്‍ സ്റ്റോര്‍ഡ് ഷുഗറുണ്ടാവും, പക്ഷേ കുഞ്ഞുങ്ങള്‍ക്ക് അതുണ്ടാവില്ല, അതാണ് മരണകാരണമായതെന്നും ഷെര്‍ളി വാസു വെളിപ്പെടുത്തി. 

പെറ്റമ്മയുടെ മരണ ശേഷം അച്ഛന്‍ വിവാഹം ചെയ്ത രണാനമ്മയാണ് അദിതിയേയും സഹോദരനേയും കൊല്ലാക്കൊല ചെയ്തത്. 

നമ്പൂതിരി സ്ത്രീയായി ആള്‍മാറാട്ടം നടത്തിയ റംല ബീഗമാണ് ദേവികയായി അദിതിക്ക് രണ്ടാനമ്മയായത്. അന്ന് മുതല്‍ തുടങ്ങിയ കൊടിയ പീഡനത്തിനാണ് കുഞ്ഞിന്റെ മരണത്തോടെ അവസാനമായത്.   

അദിതിയുടെ കൈ ഒടിഞ്ഞിട്ടും കൃത്യമായ വൈദ്യസഹായം നൽകിയില്ല. ദിവസങ്ങളോളം സ്കൂൾ പഠനം മുടങ്ങി. കുട്ടികളോട് വേദം പഠിക്കാൻ പോയതാണെന്നു മാത്രമേ സ്കൂളിൽ പറയാവൂ എന്ന ഭീഷണിയും രണ്ടാനമ്മ നൽകിയതായി അദിതിയുടെ മരണശേഷം സഹോദരൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. 2013 ഏപ്രിൽ 29 ന് അച്ഛൻ അദിതിയെ ക്രൂരമായി മർദ്ദിച്ചു. വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഏറ്റ ഗുരുതര പരുക്കിനെത്തുടർന്നാണ് അദിതി മരിച്ചത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്. അദിതിയുടെ മരണത്തിന് ഉത്തരവാദികളായ അച്ഛനും രണ്ടാനമ്മയ്ക്കും ഇന്ന് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ENGLISH SUMMARY:

Child abuse is a serious issue highlighted by the tragic Adithi case. This case underscores the urgent need for vigilance and stronger child protection measures to prevent such horrific incidents.