TOPICS COVERED

ഹോട്ടലില്‍ കയറി 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ കാറില്‍ മുങ്ങിയ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി ഹോട്ടലുടമ.   

രാജസ്ഥാനിലെ മൗണ്ട് അബുവിലെ ഹാപ്പി ഡേ എന്ന പേരിലുള്ള ഹോട്ടലിൽ കയറിയ ശേഷമാണ് യുവതി അടക്കമുള്ള അഞ്ചംഗ സംഘം തട്ടിപ്പ് കാട്ടിയത്. എൻഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വളരെ വിലക്കൂടിയ ഭക്ഷണമാണ് അഞ്ചുപേരും കഴിച്ചത്. പിന്നാലെയാണ് 10,900 രൂപയുടെ ബില്ല് വെയിറ്റർ ഈ സംഘത്തിന് നല്‍കിയത്. പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം, ഓരോരുത്തരായി വാഷ് റൂമിലേക്ക് കയറിപ്പോവുകയായിരുന്നു. പണം തരുമെന്ന് ധാരണയില്‍ വെയിറ്റര്‍ അവിടെ നിന്ന് മാറിനിന്നു.

വാഷ് റൂമില്‍ നിന്ന് ഓരോരുത്തരായി തിരികെ ഇറങ്ങി കാറിൽ ചെന്നിരുന്നു. ഏറ്റവും ഒടുവില്‍ വരുന്നയാള്‍ പണം തരുമെന്ന ധാരണയിലായിരുന്നു വെയിറ്റര്‍. അയാളും വെയിറ്ററുടെ കണ്ണുവെട്ടിച്ച് പണം തരാതെ കാറില്‍ കയറി വിട്ടുപോവുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവര്‍ പണം തരാതെ മുങ്ങിയെന്നറിഞ്ഞ ഹോട്ടലുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ പോയ വഴിയെ പിന്തുടർന്നു. 

കാർ ഗുജറാത്ത് അതിർത്തിയിലേക്ക് നീങ്ങവേ, ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയതാണ് ഇവര്‍ക്ക് പിടിവീഴാന്‍ കാരണം. ഹോട്ടലുടമയും, ജീവനക്കാരും ചേര്‍ന്ന് ഇവരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് 5 പേരെയും അറസ്റ്റ് ചെയ്തത്. കൈയിൽ പണമില്ലെന്നും സുഹൃത്തിനോട് പറഞ്ഞ് 10,900രൂപ ജിപേ ചെയ്യാമെന്നുമാണ് പിടിയിലായ സംഘം പറഞ്ഞത്. 

ENGLISH SUMMARY:

Hotel bill fraud involves customers fleeing without paying for their meal. A group of five was arrested in Mount Abu, Rajasthan, after dining at a hotel and attempting to leave without paying their ₹10,900 bill.